ഗര്‍ഭച്ഛിദ്രത്തിനെതിരേയും ജീവന്റെ സംരക്ഷണത്തിനും മെക്‌സികോയില്‍ കൂറ്റന്‍ റാലി; പങ്കെടുത്തത് പത്തു ലക്ഷത്തിലേറെ പേര്‍

ഗര്‍ഭച്ഛിദ്രത്തിനെതിരേയും ജീവന്റെ സംരക്ഷണത്തിനും മെക്‌സികോയില്‍ കൂറ്റന്‍ റാലി; പങ്കെടുത്തത് പത്തു ലക്ഷത്തിലേറെ പേര്‍

മെക്‌സികോ സിറ്റി: രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവില്‍ മാര്‍ച്ച് നടത്തി. മെക്‌സികോയിലെ 32 സംസ്ഥാനങ്ങളില്‍ ഒമ്പതിലും 12 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ലാറ്റിന്‍ അമേരിക്കയിലെ അബോര്‍ഷന്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യങ്ങളും പ്ലക്കാഡുകളുമുയര്‍ത്തി ആയിരങ്ങള്‍ രംഗത്തെത്തിയത്.

രാജ്യത്തെ മുപ്പതിലധികം സംസ്ഥാനങ്ങളില്‍ നടന്ന റാലികളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. മെക്‌സികോയുടെ സ്വാതന്ത്ര്യത്തിന്റെ സ്മാരകമായ മെക്‌സികോ സിറ്റിയിലെ 'സ്വാതന്ത്ര്യത്തിന്റെ മാലാഖ' എന്ന സ്തൂപത്തിലേക്ക് നടത്തിയ റാലിയില്‍ മാത്രം രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കുചേര്‍ന്നതായി മാര്‍ച്ചിന്റെ സംഘാടകര്‍ അറിയിച്ചു. ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും മരിയന്‍ ചിത്രങ്ങളുമായാണ് റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിചേര്‍ന്നത്.

സ്ത്രീകള്‍ക്കും ജീവിക്കാനുള്ള അവകാശത്തിനും സമാധാനത്തിനും വേണ്ടിയാണ് മാര്‍ച്ച് നടത്തുന്നതെന്നും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ ശ്രമിക്കുന്നത് അന്യായമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുട്ടികളുടെ പ്രതിരോധമാണിത്. അവര്‍ക്ക് ശബ്ദമില്ല, പക്ഷേ അവര്‍ക്ക് അവകാശങ്ങളുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭച്ഛിദ്രത്തിന് ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് 2021 സെപ്റ്റംബറിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

ദുര്‍ബ്ബലരായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവരുടെ പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുക, ജനനത്തിനു മുന്‍പും പിന്‍പും എല്ലാ ജീവനും യാതൊരു വിവേചനവും കൂടാതെ തുല്യ സംരക്ഷണം നല്‍കുക, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുടുംബങ്ങളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനുതകുന്ന പൊതു നയങ്ങള്‍ രൂപീകരിക്കുക, അക്രമം ഒഴിവാക്കി സമാധാനത്തിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നതിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്നീ നാലു വിഷയങ്ങളാണ് പ്രകടന പത്രിയില്‍ ഉണ്ടായിരുന്നത്.

Mujeryvida.org.mx എന്ന സംഘടനയാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ആയിരത്തിലധികം സംഘടനകളുടെ പിന്തുണയും മാര്‍ച്ചിനുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.