ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കം; ഷി ജിന്‍പിങിനെതിരെ അസാധാരണ പ്രതിഷേധം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കം; ഷി ജിന്‍പിങിനെതിരെ അസാധാരണ പ്രതിഷേധം

ബീജിങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്ച്ച തുടങ്ങാനിരിക്കെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെതിരേ രാജ്യത്ത് അസാധാരണമായ പ്രതിഷേധം. രാജ്യതലസ്ഥാനത്തെ ഒരു മേല്‍പാലത്തിലാണ് രണ്ടു പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ബാനറുകള്‍ ഉടന്‍ നീക്കം ചെയ്ത സര്‍ക്കാര്‍, ട്വിറ്ററില്‍ പ്രചരിച്ച ഇതുസംബന്ധിച്ച വിഡിയോ തടയുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയരുമ്പോള്‍ തന്നെയാണ് ജിന്‍പിങ്ങിനെതിരെയും പ്രതിഷേധമുണ്ടായത്. രാജ്യത്തിന്റെ പരമാധികാരിയായി പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ (69) അവരോധിക്കാനുള്ള നിര്‍ണായക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനു തൊട്ടുമുമ്പാണ് പ്രതിഷേധം എന്നതും ശ്രദ്ധേയം. ഭരണകൂടത്തിനെതിരേ ഇത്തരം പ്രതിഷേധങ്ങള്‍ ചൈനയില്‍ അപൂര്‍വ്വമാണ്.

ബീജിങ്ങിന്റെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഹെയ്ദിയാനിലാണ് പ്രതിഷേധ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. 'രാജ്യം കൊള്ളയടിക്കുന്ന ഏകാധിപതിയും വഞ്ചകനുമായ ഷി ചിന്‍പിങ്ങിനെ പുറത്താക്കാന്‍ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സമരം നടത്തുക' എന്നാണ് ഒരു ബാനറിലുണ്ടായിരുന്നത്.

രാജ്യത്ത് കോവിഡിന്റെ പേരില്‍ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളില്‍ വിമര്‍ശനമുയര്‍ത്തുന്നതാണ് രണ്ടാമത്തെ ബാനര്‍. ''കോവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് വേണ്ടത്; ലോക്ഡൗണുകളല്ല, സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്'' എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ചൈനീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിക്കുന്നത്. 2296 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തില്‍ പാര്‍ട്ടി തലപ്പത്ത് ഷിക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് ഉറപ്പാണ്. 2012-ല്‍ അധികാരമേറ്റ ഷി പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നിവയ്ക്കു പുറമേ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ്. പരമാവധി 10 വര്‍ഷം എന്ന നിയമം മറികടക്കാന്‍ വേണ്ട ഭരണഘടനാ ഭേദഗതി നേരത്തേ നടത്തിയിരുന്നു. ഇതിനു മുന്‍പ് ചെയര്‍മാന്‍ മാവോ മാത്രമാണ് 1976ല്‍ അന്തരിക്കുന്നതു വരെ അധികാരത്തിലിരുന്നത്.

ആഴ്ചകള്‍ക്കു മുമ്പാണ് ചൈനയില്‍ സൈന്യം അധികാരം പിടിച്ചുവെന്നും പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ മാത്രമാണ് അതെന്നു പറഞ്ഞ് ചൈനീസ് ഭരണകൂടവും രാഷ്ട്രീയ നിരീക്ഷകരും അതെല്ലാം തള്ളിക്കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.