സിഡ്നിയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; 11 തവണ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം; ഒരാള്‍ അറസ്റ്റില്‍

സിഡ്നിയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; 11 തവണ കുത്തേറ്റ യുവാവിന്റെ നില ഗുരുതരം; ഒരാള്‍ അറസ്റ്റില്‍

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ക്രൂരമായ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊക്കെ കുത്തേറ്റ 28 വയസുകാരന്റെ നില ഗുരുതരമാണ്. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പി.എച്ച്.ഡി ചെയ്യുന്ന ആഗ്ര സ്വദേശി ശുഭം ഗാര്‍ഗ് ആണ് ആക്രമണത്തിനിരയായത്. ഐ.ഐ.ടി മദ്രാസില്‍നിന്ന് ബിടെക്കും സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശുഭം ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് ഓസ്ട്രേലിയയില്‍ എത്തിയത്. സംഭവം വംശീയ ആക്രമണമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഒക്ടോബര്‍ ആറിന് രാത്രി 10.30-നായിരുന്നു സംഭവം. പസഫിക് ഹൈവേയിലൂടെ താമസസ്ഥലത്തേക്കു നടക്കുകയായിരുന്ന യുവാവിനെ ഡാനിയല്‍ നോര്‍വുഡ് എന്നയാളാണ് ആക്രമിച്ചത്.

ശുഭം ഗാര്‍ഗിനെ സമീപിച്ച ഡാനിയല്‍ പണവും ഫോണും ആവശ്യപ്പെട്ടു. നിരസിച്ചതോടെ കുപിതനായ പ്രതി കൈയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഗാര്‍ഗിന്റെ അടിവയറ്റിലും മുഖത്തും നെഞ്ചിലും പലതവണ കുത്തി. തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള വീട്ടില്‍ സഹായം തേടിയ ശുഭം ഗാര്‍ഗിനെ റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ഡെയ്ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്ട്രൈക്ക് ഫോഴ്സ് പ്രോസി ഡിറ്റക്ടീവിന്റെ വിപുലമായ തെരച്ചിലിനൊടുവില്‍ ഞായറാഴ്ച ഗ്രീന്‍വിച്ചിലെ ഒരു വീട്ടില്‍നിന്ന് പ്രതിയെ പിടികൂടി. 27 വയസുകാരനായ പ്രതിയെ കൊലക്കുറ്റം ചുമത്തിയാണ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോണ്‍സ്ബി ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഡിസംബര്‍ 14 ന് കോടതിയില്‍ ഹാജരാക്കുന്നത് വരെ ഇയാള്‍ ജയിലില്‍ തുടരും.

പ്രതിക്ക് ശുഭത്തെ നേരത്തെ പരിചയമില്ല. ഇത് വംശീയ ആക്രമണമാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

ശുഭത്തിനു നേരേയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കാന്‍ബറയിലെ ഹൈക്കമ്മിഷനും സിഡ്‌നിയിലെ കോണ്‍സുലേറ്റും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മകന്‍ ആക്രമണത്തിന് ഇരയായതോടെ ആഗ്രയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ഓസ്ട്രേലിയയിലേക്കുള്ള വിസ നേടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മകന് നേര്‍ക്കുണ്ടായത് വംശീയ ആക്രമണമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ഒക്‌ടോബര്‍ എട്ടിനാണ് സംഭവം വീട്ടില്‍ വിവരം അറിയുന്നത്. ശുഭത്തെ നിരന്തരം വിളിച്ചിട്ടും കിട്ടിയിരുന്നില്ല. പിന്നീട് സുഹൃത്ത് തിരിച്ച് വിളിച്ചപ്പോഴാണ് വിവരം അറിയുന്നതെന്ന് പിതാവ് രാം നിവാസ് ഗാര്‍ഗ് പറഞ്ഞു.

ശുഭം 11 മണിക്കൂര്‍ നീണ്ട സര്‍ജറിക്കാണു വിധേയനായത്. അണുബാധ ശരീരത്തിലേക്ക് പടരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മകന് ചികിത്സാ സഹായങ്ങള്‍ നല്‍കണമെന്ന് പിതാവ് അഭ്യര്‍ഥിച്ചു. ഇളയമകന് ഓസ്‌ട്രേലിയയിലേക്ക് വിസ ശരിയാക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരെ ടാഗ് ചെയ്ത് ശുഭം ഗാര്‍ഗിന്റെ സഹോദരി അടിയന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്.

അതേസമയം, ആക്രമണത്തിന് ഇരയായ ശുഭം ഗാര്‍ഗിന്റെ മാതാപിതാക്കളുടെ വിസ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ ലഭ്യമാക്കുമെന്നും ആഗ്ര ജില്ലാ മജിസ്ട്രേറ്റ് നവനീത് ചഹല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.