പത്തനംതിട്ട: ഇരട്ട നരബലിക്കേസില്‍ ഭഗവല്‍ സിങിന്റെ ഇലന്തൂരിലെ വീട്ടില്‍ നിര്‍ണായക തെളിവെടുപ്പ് ആരംഭിച്ചു. മൃതദേഹം കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ അടയാളം കാണിച്ചതു പ്രകാരം വീടിനോടു ചേര്‍ന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കു ഭാഗത്തായി കാട് വെട്ടിത്തെളിച്ച് കുഴിയെടുക്കാനാരംഭിച്ചു.
മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായാണ് ആദ്യഘട്ടത്തില്‍ തെളിവെടുപ്പ്. മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങിന്റെ വീട്ടില്‍ എത്തിച്ചത്. സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഭഗവല്‍ സിങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. പല ഭാഗങ്ങളിലായി ഇങ്ങനെ മഞ്ഞള്‍ നട്ടിരിക്കുന്ന സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മൃതദേഹം കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച മായ, മര്‍ഫി എന്നീ പൊലീസ് നായകളെയാണ് ഭഗവല്‍ സിങിന്റെ വീടിന്റെ വീട്ടിലെ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്ര പഴക്കമുള്ളതും ആഴത്തിലുള്ളതുമായ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളതാണ് ഈ കെടാവര്‍ നായ്കള്‍.
വീടിന്റെ മുന്‍വശത്തു നിന്നാണ് പത്മത്തിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവിടെ ഒരു കോണിലായി മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. ഇതിനടിയിലാണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. വീടിന്റെ പിന്‍വശത്ത് അലക്കുകല്ലിനോട് ചേര്‍ന്നാണ് റോസിലിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.
രാവിലെ കൊച്ചിയില്‍ നിന്നാണ് നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്.
അതേസമയം മുഖ്യപ്രതി ഷാഫി ഒരു പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധന്റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായിയായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസിലായത്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.