ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ ലൈവ് ആത്മഹത്യ ശ്രമം; മിനിറ്റുകള്‍ക്കകം പോലീസ് പാഞ്ഞെത്തി രക്ഷിച്ചു

ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ ലൈവ് ആത്മഹത്യ ശ്രമം; മിനിറ്റുകള്‍ക്കകം പോലീസ് പാഞ്ഞെത്തി രക്ഷിച്ചു

 കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പോലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയാണ് പോലീസിൻ്റെയും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെയും ഇടപെടലില്‍ രക്ഷപ്പെട്ടത്.

തിങ്കൾ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പോലീസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.

യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈ വിവരം തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള കരമന പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പോലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. 

കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ്  മെറ്റാ ടീം ഇക്കാര്യം സൈബര്‍ സെല്ലിനെ അറിയിച്ചത്. കാസര്‍കോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്നങ്ങളും ഇതേ തുടര്‍ന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.