ഓസ്‌ട്രേലിയയില്‍ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനത്തിനു നേരേ സൈബര്‍ ആക്രമണം: ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഓസ്‌ട്രേലിയയില്‍ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനത്തിനു നേരേ സൈബര്‍ ആക്രമണം: ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ മെഡിബാങ്കിനു നേരേ സൈബര്‍ ആക്രമണം. കഴിഞ്ഞയാഴ്ച്ചയാണ് കമ്പനിക്കു നേരേ സൈബര്‍ ആക്രമണമുണ്ടായത്. 3.7 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയില്‍നിന്ന് 200 ജിബിയുടെ ഡാറ്റ മോഷ്ടിച്ചതായും അതിനു തെളിവായി 100 പോളിസികള്‍ കാണിക്കുകയും ചെയ്തു. സംഭവം ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷിക്കുമെന്ന് സൈബര്‍ സുരക്ഷാ മന്ത്രി ക്ലെയര്‍ ഒ നീല്‍ അറിയിച്ചു.

ഒരു മാസത്തിനിടെ ഓസ്‌ട്രേലിയയിലെ രണ്ടു പ്രമുഖ സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തിനിരയായത്. കഴിഞ്ഞ മാസമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഭീമനായ ഒപ്റ്റസിനു നേരെ സൈബര്‍ ആക്രമണമുണ്ടായത്. ഇതിലൂടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിരുന്നു.

പുതിയ സംഭവത്തില്‍ ഉപയോക്താക്കളുടെ സെന്‍സിറ്റീവായ ഡാറ്റ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് മെഡിബാങ്ക് അധികൃതരും സൈബര്‍ സുരക്ഷാ വിദഗ്ധരും ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തെതുടര്‍ന്ന് കമ്പനി ഓഹരി വിപണിയിലെ വ്യാപാരം നിര്‍ത്തിവച്ചു.

ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടെന്നും കമ്പനിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് ഹാക്കര്‍മാരെന്ന് അവകാശപ്പെടുന്ന ഒരു ഗ്രൂപ്പില്‍ നിന്ന് സന്ദേശം ലഭിച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കമ്പനി ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുമായും ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റുമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഉപയോക്താക്കളുടെ പേര്, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പര്‍, മെഡികെയര്‍ നമ്പറുകള്‍, പോളിസി നമ്പറുകള്‍ എന്നിവയടങ്ങുന്ന ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. ഉപയോക്താക്കളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, രോഗനിര്‍ണയം സംബന്ധിച്ച രേഖകള്‍,
മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ലഭിച്ചതായി ഹാക്കര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് മെഡിബാങ്ക് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു, പാസ്വേഡുകളോ മറ്റ് പ്രധാന വിവരങ്ങളോ ആവശ്യപ്പെട്ട് ഉപയോക്താക്കളെ ഒരിക്കലും ബന്ധപ്പെടില്ലെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

വ്യക്തികളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച്, ആരോഗ്യപരമായ വിവരങ്ങള്‍ പരസ്യമാകുന്നത് പൗരന്മാര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ക്ലെയര്‍ ഒ നീല്‍ പറഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുന്നത്.

രണ്ടു പ്രമുഖ കമ്പനിക്കു നേരേ നടന്ന സൈബര്‍ ആക്രമണങ്ങളിലായി ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന് സര്‍ക്കാരിനെയും അലട്ടുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.