ബ്രിട്ടനിൽ ലിസ് ട്രസ്സിന് പകരക്കാരനായി ഇന്ത്യന്‍ വംശജൻ റിഷി സുനക് എത്തിയേക്കും; പ്രധാനമന്ത്രി പദത്തിലേക്ക് സുനകിന് സാധ്യത ഏറുന്നതായി റിപ്പോർട്ട്

ബ്രിട്ടനിൽ ലിസ് ട്രസ്സിന് പകരക്കാരനായി ഇന്ത്യന്‍ വംശജൻ റിഷി സുനക് എത്തിയേക്കും; പ്രധാനമന്ത്രി പദത്തിലേക്ക് സുനകിന് സാധ്യത ഏറുന്നതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് തന്റെ വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് രാജി പ്രഖ്യാപിച്ചതോടെ രാജ്യത്ത് വലിയ രാഷ്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ആരാകും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഭൂരിപക്ഷം റിപോർട്ടകളും നൽകുന്ന ഉത്തരം ഇന്ത്യന്‍ വംശജനായ റിഷി സുനകിന്റെ പേരാണ്.

പരിഷ്‌കാരങ്ങള്‍ ഏറെ ആവശ്യമുള്ള നിലവിലെ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പ് വരുത്താൻ മുന്‍ ധനമന്ത്രിയായ സുനകിന് തന്നെയാണ് മറ്റ് നേതാക്കളെ അപേക്ഷിച്ച് പ്രധാനമന്ത്രിയാകാന്‍ സാധ്യത. പാർട്ടി തലപ്പത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലിസ് ട്രസ്സുമായി വലിയ പോരാട്ടം നടത്തിയ റിഷി സുനകിന് പ്രായോഗികമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. ബ്രിട്ടന് ഇനി ആവശ്യവും ഈ സമീപനം ഉള്ളവരെയാണ്.

പെന്നി മോര്‍ഡൗണ്ട് പ്രധാനമന്ത്രിയായി എത്തിയേക്കുമെന്നും പ്രധാനമന്ത്രി പദവിയിലേക്ക് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്തിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും നിലവില്‍ സാഹചര്യങ്ങള്‍ സുനകിനാണ് കൂടുതല്‍ അനുകൂലമെന്നാണ് പൊതുവേയുള്ള സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

ബോറിസ് ജോണ്‍സണ്‍, പെന്നി മോര്‍ഡൗണ്ട്, റിഷി സുനക്

അടുത്ത പ്രധാനമന്ത്രിയാകാന്‍ സുനകിന് 55 ശതമാനമാണ് സാധ്യതയെങ്കില്‍ പെന്നി മോര്‍ഡൗണ്ടിന് വെറും 16 ശതമാനം മാത്രമാണ് സാധ്യത. ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും സാഹചര്യങ്ങള്‍ സുനകിന് തന്നെയാണ് കൂടുതല്‍ അനുകൂലം.

ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ ബ്രിട്ടനിലെ മുന്‍ ധനമന്ത്രി കൂടിയായ സുനക് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുത്ത 170,000 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

ഒരു വെളുത്ത വര്‍ഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ലിസ് ട്രസിന്റെ പ്രകടനം മോശമായതോടെ മാറിചിന്തിക്കാന്‍ ഭൂരിഭാഗം പേരും തയാറായെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകൻ കൂടിയായ റിഷി സുനാക്കിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജ് കൂടിയാണ് ഉള്ളത്. എന്നാല്‍ ബോറിസ് ജോണ്‍സന്‍ ആജന്മ ശത്രുവായി കാണുന്നത് സുനാകിനെയാണ്. തന്റെ സര്‍ക്കാര്‍ വീഴാന്‍ കാരണം റിഷിയുടെ രാജിയായിരുന്നുവെന്നാണ് ബോറിസ് ജോണ്‍സന്‍ കരുതുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക് പാക്കേജിലൂടെയാണ് റിഷി സുനക്ക് പ്രശംസിക്കപ്പെട്ടത്.


രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തത് സുനാക്കിന്റെ മികവായിരുന്നു. അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോൾ ഏർപ്പെടുത്തിയ നികുതിപരിഷ്കാരങ്ങളാണ് ലിസ് തിരുത്താൻ ശ്രമിച്ചത്. ലിസിന്റെ സാമ്പത്തികനയം അപ്രായോഗികമാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെത്തന്നെ സുനക് പറഞ്ഞിരുന്നു. അതാണിപ്പോൾ യാഥാർഥ്യമായത്.

അധികാരത്തിൽ 44 ദിവസങ്ങൾമാത്രം പിന്നിട്ട ശേഷമാണ് തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.

ഭരണത്തിലേറിയ ഉടൻ, നികുതിനിരക്ക് വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനമാണ് ട്രസിന് തിരിച്ചടിയായത്. ഇടക്കാല ബജറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചതിനുപിന്നാലെ പൗണ്ടിന്റെ മൂല്യമിടിയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. ബജറ്റവതരിപ്പിച്ച ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിനെ പദവിയിൽനിന്ന് നീക്കുകയും നികുതികൾ പുനഃസ്ഥാപിക്കുകയും ചെയ്ത് വിമർശനങ്ങൾ ശമിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.