പാരിസ്: ഭീകരവാദ സഹായം, കള്ളപ്പണം വെളുപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മ്യാന്‍മറിനെ കരിമ്പട്ടികയില്‍പ്പെടുത്തി. ഇതോടെ ഇറാനും ഉത്തരകൊറിയയ്ക്കുമൊപ്പമാണ് തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്റെ പേരിൽ മ്യാൻമറും അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ ഏജന്‍സിയുടെ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 20, 21 തിയ്യതികളിലായി പാരീസില്‍ ചേര്‍ന്ന പ്ലീനറിയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം തുടങ്ങിയവ നിയന്ത്രിക്കാൻ മ്യാൻമറിലെ ഭരണകൂടം പരാജയപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് 2018 സെപ്റ്റംബറിലെ ഒരു റിപ്പോർട്ടിലാണ്.
നാല് വർഷങ്ങൾക്കിപ്പുറവും അവയിൽ പലതും തിരുത്താൻ കഴിഞ്ഞിട്ടില്ല. ഇത് വ്യക്തമായതിനെ തുടർന്നാണ് തീരുമാനമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് ടി. രാജ കുമാർ പറഞ്ഞു. രാജ്യത്ത് തിരിച്ചറിഞ്ഞിട്ടുള്ള തന്ത്രപരമായ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി എത്രയും വേഗത്തിൽ അവ പൂർത്തിയാക്കണമെന്ന് മ്യാൻമർ അധികാരികളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മ്യാൻമറിനെ ഉടൻ കരിമ്പട്ടികയിൽപെടുത്തണമെന്നും അംഗരാജ്യങ്ങളുടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എഫ്എടിഎഫ് ശുപാർശ ചെയ്തിട്ടുണ്ട്. മ്യാൻമറിലെ കാസിനോകൾ, അതിർത്തിയിലെ അനധികൃത വ്യാപാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകളിൽ നിന്നാണ് ഇത്തരം ഒരു തീരുമാനം എന്നാണ് ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് പറയുന്നത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ മ്യാന്‍മാറുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ അന്താരാഷ്ട്ര ബാങ്കുകൾ കൂടുതൽ ജാഗ്രതാ പുലര്‍ത്തും. രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയും ഭരണവും കൈയ്യാളുന്ന മ്യാന്‍മാര്‍ സൈന്യത്തിന്‍റെ വിശ്വാസ്യതയാണ് നടപടിയിലൂടെ ഇല്ലാതായത്. സൈനിക ജനറൽമാർ മ്യാന്‍മാര്‍ സെൻട്രൽ ബാങ്കിനെ എങ്ങനെ തെറ്റായി കൈകാര്യം ചെയ്യുന്നതിന്റെ ഫലമാണിതെന്ന് ബർമീസ് സാമ്പത്തിക വിശകലന വിദഗ്ധൻ ഈ തിരിച്ചടിയെ വിശേഷിപ്പിച്ചു.
2021 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സര്‍ക്കാറിനെ സൈന്യം പുറത്താക്കിയതു മുതൽ മ്യാന്‍മാറില്‍ ആഭ്യാന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്. രാജ്യത്തെ ഗുരുതര പ്രശ്നങ്ങളില്‍ രാജ്യാന്തര ക്രിമിനൽ പ്രവർത്തനങ്ങളും സിന്തറ്റിക് മയക്കുമരുന്നുകളുടെ കയറ്റുമതിയും ഓൺലൈൻ ചൂതാട്ടവും ഉൾപ്പെടെ ഉള്ളവയും ഉണ്ടെന്നും എഫ്എടിഎഫ് വിശദീകരിക്കുന്നു. ഇതിനെല്ലാം സൈനിക ഭരണകൂടത്തിന്‍റെ നേരിട്ടുള്ളതോ പരോക്ഷമായതോ ആയ പിന്തുണയും ഉണ്ടെന്നും ആരോപണമുണ്ട്.
2021-ൽ ഓങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ ഗവൺമെന്റിനെ അട്ടിമറിച്ച സൈനിക നീക്കത്തിന് ശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ചില നേതാക്കൾക്കും അവരുമായി ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഒരു കൂട്ടം ആയുധ ഇടപാടുകാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അതേസമയം പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നാലുവര്‍ഷത്തിന് ശേഷമാണ് പാകിസ്താനെതിരായ നിയന്ത്രണം എഫ്എടിഎഫ് നീക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിലും സാമ്പത്തിക ഭീകരവാദം തടയുന്നതിലും പാകിസ്താന്‍ കൈവരിച്ച മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നതായി എഫ്എടിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
ഇതോടെ പാകിസ്താന് ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവയില്‍ നിന്ന് സാമ്പത്തികസഹായം സ്വീകരിക്കാനാവും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയാൻ പാക് ഭരണകൂടത്തിന് കഴിയുന്നില്ലെന്നും നിയമങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നും കാട്ടി 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നികരാഗ്വയേയും ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1989-ൽ ഗ്രൂപ്പ് ഓഫ് സെവൻ അഡ്വാൻസ്ഡ് എക്കണോമിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. തുടക്കത്തിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെയായിരുന്നു സംഘടന നിലകൊണ്ടത്. അതിനുശേഷം ഭീകരർക്ക് ധനസഹായം നൽകുന്നതിനും കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനത്തിനും സഹായിക്കുന്ന ലോക രാജ്യങ്ങളെ അടക്കം എഫ്എടിഎഫ് നിരീക്ഷിക്കാന്‍ തുടങ്ങി. യു.കെ, യു.എസ്, ഇന്ത്യ എന്നിങ്ങനെ 39 രാജ്യങ്ങളടങ്ങുന്നതാണ് എഫ്എടിഎഫ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.