ഗവർണറെ തെരുവിൽ നേരിടാൻ ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരം

ഗവർണറെ തെരുവിൽ നേരിടാൻ ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നുമുതൽ. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോ​​ഗം സംഘടിപ്പിച്ചിട്ടുണ്ട്.

ഗവർണറും മുഖ്യമന്ത്രിയും ഇരുചേരുകളിൽ നിന്ന് ഏറ്റുമുട്ടാൻ തീരുമാനിച്ചതോടെ അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഗവർണർക്കെതിരായ നീക്കങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ഇടതു പോഷക സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി.

രാജ്ഭവന് മുന്നിൽ ഡിവൈഎഫ്ഐ ഇന്നലെ നടത്തിയ പ്രതിഷേധ ധർണ്ണയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. വരാൻ പോകുന്ന സമരങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തൽ. സൂചന കണ്ട് പഠിച്ചില്ലെങ്കിൽ യു.പി കാണില്ലെന്നാണ് ഗവർണർക്കെതിരെ ഉയർന്ന മുദ്രവാക്യങ്ങളിലൊന്ന്. ഡിവൈഎഫ്ഐ ദേശിയ സംസ്ഥാന നേതാക്കൾ അടക്കം ഇത് ഏറ്റു ചൊല്ലുന്നുമുണ്ട്. 

നവംബര്‍ 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമ്പോൾ ​ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമം എന്ന വാദമാണ് സിപിഎം ഉയർത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.