കോയമ്പത്തൂര്‍ ചാവേറാക്രമണം: അന്വേഷണം കേരളത്തിലേക്കും; ലക്ഷ്യമിട്ടത് ശ്രീലങ്കന്‍ ഈസ്റ്റര്‍ ആക്രമണത്തിന് സമാനമായ സ്ഫോടനങ്ങള്‍

കോയമ്പത്തൂര്‍ ചാവേറാക്രമണം: അന്വേഷണം കേരളത്തിലേക്കും; ലക്ഷ്യമിട്ടത് ശ്രീലങ്കന്‍ ഈസ്റ്റര്‍ ആക്രമണത്തിന് സമാനമായ സ്ഫോടനങ്ങള്‍

തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്(25) വിയ്യൂര്‍ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അസ്ഹറുദ്ദീനെ വിയ്യൂര്‍ ജയിലിലെത്തി മുബിന്‍ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ജയിലിലെ സന്ദര്‍ശക വിവരങ്ങള്‍ ശേഖരിച്ചു.

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബീനും കുട്ടാളികളും എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2019 ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ വിചാരണ തടവുകാരായി വിയ്യൂര്‍ ജയിലിലാണ് ഉള്ളത്.

അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന അസ്ഹറുദ്ദീനെ മുബീനും ഇന്നലെ അറസ്റ്റിലായ പ്രതികളും പല തവണ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. അസ്ഹറുദ്ദീന് ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഭീകരന്‍ സഹ്റാന്‍ ഹാഷിമുമായി അടുത്ത ബന്ധമാണുള്ളത്. തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

മുബിന്റെ വീട്ടില്‍ വലിയ തോതില്‍ സ്ഫോടന വസ്തുക്കള്‍ ശേഖരിച്ചത് ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന മാതൃകയില്‍ ചില ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും പൊലീസിന് സംശയമുണ്ട്. അന്താരാഷ്ട്ര സ്ഫോടനങ്ങള്‍ നടത്തുകയും അന്തര്‍ദേശീയ നെറ്റ് വര്‍ക്കുകളുടെ ഭാഗമായാണ് പിടിയിലായത് എന്നുള്ളതുകൊണ്ടുമാണ് എന്‍ഐഎ കേസിലേക്ക് എത്തുന്നത്.

ഇന്നലെ രാത്രിയോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ജമേഷ മുബിന്റെ കൂട്ടാളികളാണിവര്‍. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തിന് തൊട്ടു മുന്‍പ് ഇവര്‍ കാറിനുള്ളിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തമിഴ്നാട് പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി താമരകണ്ണന്റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായും എന്‍ഐഎ മറ്റൊരു സംഘവുമായാണ് അന്വേഷണം നടത്തുന്നത്.

മുബിന്റെ വീട്ടില്‍ നിന്ന് സ്ഫോടനവസ്തു ശേഖരം പൊലീസ് കണ്ടെടുത്തിരുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ളയാളാണ് മുബിന്‍. ഇതിനാല്‍ തന്നെ ചാവേറാക്രമണത്തിനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല. കാറില്‍ നിന്ന് മാര്‍ബിള്‍ കഷ്ണങ്ങളും ആണികളും പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തില്‍ കാര്‍ പൊട്ടിത്തെറിച്ചതാവാനും സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.