ഇന്തോനേഷ്യയില്‍ സ്ത്രീയെ കൂറ്റന്‍ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

ഇന്തോനേഷ്യയില്‍ സ്ത്രീയെ കൂറ്റന്‍ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 54 വയസുള്ള സ്ത്രീയെ 22 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. റബര്‍ ശേഖരിക്കാന്‍ അതിരാവിലെ കാട്ടിലേക്കു പോയ ജഹ്റ എന്ന സ്ത്രീയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

കാട്ടിലേക്ക് പോയ ജഹ്റയെ വെള്ളിയാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശ വാസികള്‍ തിരിച്ചല്‍ നടത്തിയെങ്കിലും സ്ത്രീയുടെ ചെരുപ്പും ശിരോവസ്ത്രവും ജാക്കറ്റും കത്തിയും മാത്രമാണ് കണ്ടെത്താനായത്.

പിറ്റേ ദിവസം വീണ്ടും നടത്തിയ തിരച്ചിലിലാണ് വയറുവീര്‍ത്ത് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പ് സ്ത്രീയെ കടിച്ച ശേഷം വിഴുങ്ങിയതാവാം എന്നാണ് അനുമാനം. ഈ കൂറ്റന്‍ പെരുമ്പാമ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയര്‍ കീറി പരിശോധിക്കുകയും ജഹ്റയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. രണ്ട് മണിക്കൂറോളം എടുത്താകാം പെരുമ്പാമ്പ് ജഹ്‌റയെ വിഴുങ്ങിയതെന്നാണ് നിഗമനം. ഇരയെ കിട്ടിയാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതാണ് ഇവയുടെ രീതി. കാട്ടില്‍ ഇനിയും ഭീമന്‍ പെരുമ്പാമ്പുകള്‍ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികള്‍.

പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങുന്നത് അപൂര്‍വ്വമെങ്കിലും മുമ്പും ഇത്തരം സംഭവം ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017ലും 2018ലും സമാന സംഭവം ഉണ്ടായി. ഇരയെ അപ്പാടെ വിഴുങ്ങുന്നതാണ് പെരുമ്പാമ്പിന്റെ ശീലം. താടിയെല്ല് നന്നായി വഴക്കമുള്ളതായതിനാല്‍ വലിപ്പമുള്ള ഇരകളെയും വിഴുങ്ങാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.