'പ്രണയ രാക്ഷസിക്ക്' കൈവിലങ്ങ്: ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

'പ്രണയ രാക്ഷസിക്ക്' കൈവിലങ്ങ്: ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്ന് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആരോഗ്യനില തൃപ്തികരമാണെങ്കിലും പ്രതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇതിനിടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി അന്വേഷണ സംഘം ശ്രമം തുടങ്ങി. ഗ്രീഷ്മയുടെ വീട്ടില്‍ പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. എ.എസ്.പി സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഓഫീസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14 ന് ഗ്രീഷ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.