ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി കൊച്ചിയിലെത്തി; ഷാളണിയിച്ച് സൗഹൃദം പങ്കു വച്ച് മടങ്ങി

 ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി കൊച്ചിയിലെത്തി; ഷാളണിയിച്ച് സൗഹൃദം പങ്കു വച്ച് മടങ്ങി

മുഖ്യമന്ത്രിയെത്തിയത് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ മാത്രം. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും  ഉണ്ടായിരുന്നില്ല.

കൊച്ചി: എഴുപത്തൊമ്പതാം പിറന്നാളാഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസകളര്‍പ്പിക്കാന്‍ തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തി.

ചികിത്സാര്‍ത്ഥം ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ച പിണറായി അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും അര മണിക്കൂറോളം ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

തിരുവനന്തപുരത്ത് നിന്ന് വിമാന മാര്‍ഗം നെടുമ്പാശേരിയിലെത്തിയാണ് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേര്‍ന്നെങ്കിലും പിന്നീട് കൊച്ചിയിലെത്തി നേരിട്ടു കണ്ട് ആശംസ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സന്ദര്‍ശന ശേഷം മുഖ്യമന്ത്രി കാറില്‍ തിരുവനന്തപുരത്തിന് മടങ്ങുകയും ചെയ്തു.

എഴുപത്തൊമ്പതാം പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് സാസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഫോണിലും നേരിട്ടുമെത്തി ആശംസകള്‍ നേര്‍ന്നു. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, നടന്‍ മമ്മൂട്ടി, വ്യവസായി എം.എ യൂസഫലി എന്നിവര്‍ നേരിട്ടെത്തി ആശംസ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തില്‍ മധുരം പങ്കുവച്ച് ലളിതമായാണ് പിറന്നാള്‍ ആഘോഷിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി അടുത്തയാഴ്ച അദ്ദേഹം കുടുംബത്തിനൊപ്പം ജര്‍മനിയിലേക്ക് പോകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.