തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉൾപ്പടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരം നടപടികൾ ആരംഭിച്ച് സർക്കാർ. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അരി ഉൾപ്പെടെ ആറിനം ഭക്ഷ്യവസ്തുക്കൾ ആന്ധ്രാ സർക്കാർ നേരിട്ട് അടുത്ത മാസം മുതൽ കേരളത്തിലെത്തിക്കും.
സുലേഖ, ജയ ഉൾപ്പെടെ വിവിധ ഇനം അരി, വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നിവ എത്തിക്കാൻ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവുമായി ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമായി.
പഞ്ചസാര, വെള്ളക്കടല, ചെറുപയർ എന്നീ ഇനങ്ങൾ കൂടി കേരളം ചോദിച്ചിട്ടുണ്ട്. എന്നാൽ ഒർജിനൽ ജയ അരി ലഭ്യമാക്കണമെന്നതിനാൽ അരിയുടെ കാര്യത്തിൽ ഇനിയും നാല് മാസം കൂടി കാത്തിരിക്കേണ്ടിവരും. കേരളത്തിൽ നിലവിൽ കർണാടകയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ജയ അരിയുടെ സാമ്പിൾ ആന്ധ്രയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കാണിച്ചപ്പോൾ ഇത് പുഴുക്കൽ അരി ആണെന്നായിരുന്നു അവർ പ്രതികരിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അരി ഒർജിനൽ ജയ അരി അല്ലെന്നും ഇവർ പറഞ്ഞു. കേരളത്തിന് മാത്രമായി ജയ അരി കൃഷി ചെയ്യാനും കൂടിക്കാഴ്ച്ചയിൽ ധാരണയായി. വിളവാകാൻ നാല് മാസം വേണ്ടിവരുമെന്നതിനാൽ ഇപ്പോൾ കിലോയ്ക്ക് 60 രൂപവരെ ഉയർന്നിട്ടുള്ള ജയ അരി ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം ഒരുമാസമെങ്കിലും തുടരുമെന്ന് ഉറപ്പായി.
വിളകൾക്കുള്ള മിനിമം താങ്ങുവില കർഷകർക്ക് നൽകിയാവും ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നത്. സംസ്കരണച്ചെലവും കടത്തുകൂലിയും കൂടി ഉൾപ്പെടുത്തിയാവും വില നിശ്ചയിക്കുകയെന്നും ചർച്ചയ്ക്കു ശേഷം മന്ത്രി അനിലിനൊപ്പം വാർത്താസമ്മേളനത്തിൽ ആന്ധ്രാ മന്ത്രി പറഞ്ഞു.
വിപണിയിൽ എല്ലായിനം അരിക്കും വിലകൂടിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ എട്ടുകിലോ അരി സ്പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. ഏതുകാർഡുള്ളവർക്കും ഏതുവീട്ടുകാർക്കും ഈ അരി നൽകും. അതിൽ ചമ്പാവരി ഉൾപ്പെടെയുണ്ടെന്നും മന്ത്രി പറഞ്ഞു
ആദ്യഘട്ടത്തിൽ വിവിധ ഇനം അരി, വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറിനം സാധനങ്ങൾ ആന്ധ്രപ്രദേശിൽ നിന്നു വാങ്ങാൻ ധാരണയായി. ഡിസംബറോടെ കേരളത്തിൽ എത്തിക്കും.
ആന്ധ്രയിൽനിന്നു കയറ്റുമ്പോഴും കേരളത്തിൽ എത്തുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഒരു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തും.
പ്രതിമാസം 3,840 മെട്രിക് ടണ്‍ പ്രീമിയം ക്വാളിറ്റി ജയ അരി കർഷകരിൽനിന്ന് ആന്ധ്രാ സർക്കാർ നേരിട്ടു സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ റെയിൽവേ റാക്ക് പോയിന്റുകളിൽ എത്തിക്കും. പ്രതിവർഷം 46,100 മെട്രിക് ടണ്‍ അരി ലഭ്യമാക്കും.
അരിക്കു പുറമെ പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്നത്തോടെയാണ് വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികളുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഉപ്പു മുതൽ കർപ്പൂരംവരെ എല്ലാറ്റിനും വിലക്കയറ്റം രൂക്ഷമായതോടെ ജനജീവിതം ദുരിതപൂർണമായി. ഉള്ളി, മല്ലി, മുളക് തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും തീ വിലയാണ്. കഴിഞ്ഞ വർഷം ഒരു കിലോ മല്ലിക്ക് 85 രൂപയായിരുന്നത് ഇപ്പോൾ 180 ആണ്. മുളകുപൊടി 250 ഗ്രാമിന് 45ല്‍ നിന്ന് 65 രൂപയായി. കാഷ്മീരി മുളക് 100ഗ്രാം 32ല്‍നിന്ന് 55ലേക്കു കുതിച്ചു.
സാമ്പാര്‍പ്പൊടി 36ല്‍നിന്ന് 45, ഉപ്പ് 10ല്‍നിന്ന് 15, ഉഴുന്ന് 90ല്‍നിന്ന് 130, കടല 80ല്‍നിന്ന് 100 എന്നിങ്ങനെ വർധിച്ചു. മൈദ, ആട്ട, റവ എന്നിവയ്ക്കും നാലും അഞ്ചും രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. ജയ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡ് അരികള്‍ക്കെല്ലാം 58 മുതല്‍ 63രൂപ വരെയാണ് വില. ചെറിയ ഉള്ളി വില 100 രൂപയിലെത്തി. 60 രൂപയില്‍ കുറഞ്ഞ പച്ചക്കറികൾ വിരളമാണ്.
രാസവളം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ്, ജീവന്‍രക്ഷാ മരുന്നുകള്‍, സിമന്റ്, സ്റ്റീല്‍, അലുമിനിയം, ഇലക്ട്രിക്കല്‍ വയര്‍, പിവിസി പൈപ്പ് തുടങ്ങിയവയുടെയെല്ലാം വിലയും വര്‍ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.