സിഡ്‌നി: പേമാരിയും വെള്ളപ്പൊക്കവും ന്യൂ സൗത്ത് വെയില്‍സിന്റെ ഉറക്കം കെടുത്തിയിട്ട് നാളുകള്‍ ഏറെയായി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വെള്ളപ്പൊക്കം അനുഭവിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരു മാസംതന്നെ ഒന്നിലേറെ തവണ വീടുകള്‍ ഒഴിയേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ മാസം പേമാരിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പ്രളയജലം കയറി നാശമായ വീടുകളുടെ ശുചീകരണ ജോലികള്‍ അവസാനിക്കും മുന്‍പ് വീണ്ടുമൊരു വെള്ളപ്പൊക്ക മുന്നറിയിപ്പിനെ നേരിടുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍.
കനത്ത മഴയെതുടര്‍ന്ന് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് തയാറെടുക്കാനാണ് ഉള്‍നാടന്‍ പട്ടണങ്ങളിലെ ജനങ്ങള്‍ക്കുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നൂറുകണക്കിന് ആളുകളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനം തേടാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ന്യൂ സൗത്ത് വെയില്‍സ് പട്ടണമായ ഗണ്ണേഡയിലെ താമസക്കാര്‍ക്ക് അടിയന്തര ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഗണ്ണേഡയിലുണ്ടാകുന്ന നാലാമത്തെ വലിയ വെള്ളപ്പൊക്കമാണിത്. അപകടസാധ്യത ഒഴിവാക്കാനാണ് ഇന്നു രാത്രിക്കുള്ളില്‍ ഒഴിയാന്‍ അടിയന്തര ഉത്തരവ് നല്‍കിയതെന്ന് എസ്ഇഎസ് സൂപ്രണ്ട് മിച്ചല്‍ പാര്‍ക്കര്‍ പറഞ്ഞു.
വ്യാഴാഴ്ച വെള്ളപ്പൊക്കം കാരണം നിരവധി പ്രധാന റോഡുകള്‍ അടച്ചു. ഗണ്ണേഡയ്ക്കും ടാംവര്‍ത്തിനും ഇടയിലുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് ഉച്ചവരെയുള്ള 24 മണിക്കൂറിനുള്ളില്‍ 15 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും മിച്ചല്‍ പാര്‍ക്കര്‍ പറഞ്ഞു.
ഫോര്‍ബ്‌സ് നഗരവും വെള്ളപ്പൊക്കം നേരിടാനുള്ള തയാറെടുപ്പിലാണ്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഫോര്‍ബ്‌സിലുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടെ 600-ലധികം ആളുകളോട് ഒഴിയാന്‍ പറഞ്ഞിട്ടുണ്ട്.
ഇതിനകം തന്നെ സംസ്ഥാനത്തുടനീളം ഇരുപത്തിരണ്ട് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നിലവിലുണ്ട്. നോര്‍ത്ത് വാഗ, ഗംലി ഗംലി എന്നിവിടങ്ങളിലുള്ളവരോട് ഇന്ന് രാത്രി ഒന്‍പതു മണിക്കകം വീടുകള്‍ ഒഴിയാന്‍ അടിയന്തര സേവന വിഭാഗം (സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ലാച്ച്‌ലാന്‍ നദിയിലെ ജലനിരപ്പ്് 10.8 മീറ്ററിലധികം എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഫോര്‍ബ്‌സില്‍ റെക്കോര്‍ഡ് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
പ്രളയം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വീണ്ടും ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തിന്റെ ആശങ്കയിലാണ് വ്യാപാരികളും പ്രദേശവാസികളും. ഇതിനകം ധാരാളം ആളുകള്‍ക്ക് വിളകള്‍ നഷ്ടമായി.
നേരത്തെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും, വൃഷ്ടിപ്രദേശങ്ങള്‍ കുതിര്‍ന്നു കിടക്കുന്നതും അണക്കെട്ടുകള്‍ പരമാവധി ശേഷിയിലെത്തിയതുമാണ് വെള്ളപ്പൊക്കം തുടരാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.