ഒളിവിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കരുനീക്കം; യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി

ഒളിവിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കരുനീക്കം; യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ഒളിവിലിരുന്ന് പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മൂന്ന് തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്.

ചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ്വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയാണവ. മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ സമര്‍പ്പിക്കുന്നത്. ഒളിവില്‍ കഴിയുന്ന രാഹുലിന് വേണ്ടി അഭിഭാഷകനാണ് കോടതിയില്‍ തെളിവ് നല്‍കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.

അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.