മെൽബൺ: ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് മെൽബണിൽ ആവേശകരമായ തുടക്കം. ആത്മീയ ഉണർവിന്റെ ധന്യനിമിഷങ്ങൾ പകർന്ന് പതിനായിരക്കണക്കിന് യുവതീ-യുവാക്കൾ ഫെസ്റ്റിവലിൽ പങ്കെടുത്തു.
വിശുദ്ധ പാട്രിക് കത്തീഡ്രലിൽ നിന്ന് മെൽബൺ കൺവെൻഷൻ സെൻ്ററിലേക്കുള്ള അഞ്ച് കിലോമീറ്റർ കാൽനട തീർത്ഥാടനം യുവജന ഭക്തിയുടെ അടയാളമായി മാറി. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് എത്തിച്ച ലോക യുവജനദിന കുരിശും തിരുസ്വരൂപവും ഈ പ്രയാണത്തിൽ പങ്കെടുത്തത് യുവജനങ്ങളിൽ അഗാധമായ ഭക്തി നിറച്ചു. ഓസ്ട്രേലിയൻ സഭയുടെ ചൈതന്യം വിളിച്ചോതുന്ന അവിസ്മരണീയമായ കാഴ്ചയായിരുന്നു ഈ വിശ്വാസ സാക്ഷ്യത്തിന്റെ നടത്തം.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് യുവജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ അപ്രതീക്ഷിത വീഡിയോ സന്ദേശം അയച്ചു. ആറായിരത്തോളം വരുന്ന തീർത്ഥാടകർ മെൽബൺ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽവെച്ച് സന്ദേശം ശ്രവിച്ചു.
തങ്ങളുടെ ദൈവദത്തമായ വ്യക്തിത്വം സ്വീകരിക്കാനും വിശ്വാസത്തിൽ ധീരമായി മുന്നോട്ട് പോകാനും മാർപാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. "നിങ്ങൾ യാദൃശ്ചികമായി ഉണ്ടായവരല്ല. നിങ്ങൾ ഓരോരുത്തരും ദൈവത്താൽ സ്നേഹിക്കപ്പെട്ടവരും ഈ ലോകത്തിന് ആവശ്യമായവരുമാണ്. ആരായിരിക്കാനാണോ ദൈവം നിങ്ങളെ സൃഷ്ടിച്ചത് അതുപോലെ ജീവിക്കുമ്പോളാണ് നമ്മുടെ ജീവിതത്തിന് അന്തിമമായ ലക്ഷ്യം കൈവരുന്നത്" - പാപ്പ പറഞ്ഞു.
"പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും ദൈവത്തിലേക്ക് തിരിയുക. അവിടെയാണ് സ്വർഗസ്ഥനായ പിതാവിന്റെ ശബ്ദം നിങ്ങൾക്ക് വ്യക്തമായി കേൾക്കാൻ കഴിയുക." - മാർപാപ്പ ഓർമ്മിപ്പിച്ചു.
വിശുദ്ധ കാതറിൻ ഓഫ് സിയന്ന, വി. കാർലോ അക്യൂട്ടിസ്, വി. പിയർ ജോർജിയോ ഫ്രാസതി എന്നിവരെപ്പോലുള്ള പുണ്യവാളന്മാരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തങ്ങളുടെ ഇടവകകളിലും സമൂഹങ്ങളിലും ദൈവരാജ്യം പടുത്തുയർത്താൻ തയ്യാറെടുത്ത് മടങ്ങാൻ മാർപാപ്പ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോളി യുവതി-യുവാക്കളെ സ്വാഗതം ചെയ്തു. “നിങ്ങൾ ഇവിടെ എത്തിയത് എന്ത് കാരണത്തിലായാലും അതിൽ ഈശോയ്ക്ക് ഒരു പങ്കുണ്ട്. നിങ്ങൾ ഇവിടെ അവകാശപ്പെട്ടവരാണ്. സഭയുടെ ഈ ഭവനം നിങ്ങളുടെ സ്വന്തമാണ്.” ആർച്ച് ബിഷപ്പ് പറഞ്ഞു.
വിശ്വാസം, പ്രാർത്ഥന, ധൈര്യം എന്നിവയുടെ തീവ്രമായ സന്ദേശമാണ് ഈ യുവജനമേളയുടെ ആദ്യ ദിവസം സമ്മാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.