വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ 459 ഇന്ത്യൻ വംശജരായ കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി(എൻ.സെഡ്.ടി.എ) റദ്ദാക്കി. വിദേശ ലൈസൻസുകൾ ന്യൂസിലൻഡിലെ ലൈസൻസുകളാക്കി മാറ്റുന്നതിനായി സമർപ്പിച്ച രേഖകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി.
ലൈസൻസ് റദ്ദാക്കപ്പെട്ട മുഴുവൻ ഡ്രൈവർമാരും ഇന്ത്യൻ വംശജരാണെന്ന് ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നു. റദ്ദാക്കലുകളിൽ 436 കേസുകൾക്കും യുഎഇയിൽ നിന്ന് ലഭിച്ച രേഖകളുമായി ബന്ധമുണ്ട്. വിദേശത്തെ ഡ്രൈവിങ് പരിചയം തെളിയിക്കുന്നതിനായി നൽകിയ രേഖകളിൽ തെറ്റായതോ മാറ്റം വരുത്തിയതോ ആയ വിവരങ്ങൾ ഉൾപ്പെട്ടതാണ് ലൈസൻസ് നഷ്ടപ്പെടാൻ കാരണം.
കൂട്ടത്തോടെ ലൈസൻസുകൾ റദ്ദാക്കിയതോടെ നൂറുകണക്കിന് ഇന്ത്യൻ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടതോടെ വാടക നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർമാർ പറയുന്നു. തങ്ങൾ തട്ടിപ്പിന് ഇരയാവുകയായിരുന്നുവെന്നും തങ്ങളുടെ കുട്ടികൾക്ക് പോലും ശിക്ഷ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി ഡ്രൈവർമാർ ഓക്ക്‌ലൻഡിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.
വിഷയത്തിൽ സമതുലിതമായ പരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജയായ എം.പി. പരംജീത് പർമർ ഗതാഗത മന്ത്രിക്ക് കത്തയച്ചു. ലൈസൻസ് റദ്ദാക്കൽ കാരണം ഈ തൊഴിലാളികൾക്ക് വിസ റദ്ദാക്കൽ ഉൾപ്പെടെയുള്ള വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കടുത്ത ഡ്രൈവർ ക്ഷാമം നേരിടുന്ന ന്യൂസിലൻഡിലെ ട്രക്കിംഗ് വ്യവസായത്തിന് ഈ നടപടി വലിയ തിരിച്ചടിയാണ്. ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ ഉൾപ്പെടെ നിരവധി പേർ ഡ്രൈവർമാരുടെ നടപടിക്രമങ്ങൾ എൻ.സെഡ്.ടി.എ മുമ്പ് അംഗീകരിച്ചിരുന്നതാണെന്ന് വാദിക്കുന്നു.
നിലവിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് 750 ന്യൂസിലാൻഡ് ഡോളർ (ഏകദേശം 40,000 രൂപ) വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെങ്കിലും ക്രിമിനൽ കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.