കൊളംബോ: ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ മരണ സംഖ്യ 334 ആയി ഉയർന്നു. ദുരന്തനിവാരണ കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട കണക്കിലാണ് മരണം 300 കടന്നത്. കനത്ത മഴയിലും പ്രളയത്തിലും ഏകദേശം 400 പേരെ കാണാതായിട്ടുമുണ്ട്. ദുരന്തത്തിൽ നിന്ന് കരകയറാൻ ലങ്ക അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓപ്പറേഷൻ സാഗർ ബന്ധുവിൻ്റെ ഭാഗമായി ശ്രീലങ്കയിലേക്ക് 10 ടൺ ദുരന്ത നിവാരണ സഹായം കൂടി അയച്ചതായ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. കനത്ത മഴയ്ക്ക് ഇടവേള ലഭിച്ചെങ്കിലും തലസ്ഥാനമായ കൊളംബോയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.
അധികൃതരുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകൾ ഈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും അവശ്യവസ്തുക്കൾ എത്തിക്കാനും അധികൃതർ ശ്രമം തുടരുകയാണ്. വെള്ളപ്പൊക്കം നിയന്ത്രണവിധേയമായിട്ടില്ലാത്ത പ്രദേശങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശത്ത് അഭൂതപൂർവമായ മഴയാണ് പെയ്തത്. വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചു. ഇത് പൊതുജനാരോഗ്യത്തെയും ശുദ്ധജല ലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഈ ദുരന്തം ഒരു മെഡിക്കൽ പ്രതിസന്ധിക്കും വഴിവെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.