മെൽബൺ: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെൽബൺ സിറ്റി കൗൺസിൽ തങ്ങളുടെ നിലപാട് തിരുത്തിയതോടെ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പാരമ്പര്യത്തിന്റെ പ്രകാശം വീണ്ടും പരക്കും. പരമ്പരാഗതമായി ക്രിസ്തുമസിന് നഗരഹൃദയത്തിൽ സ്ഥാപിച്ചിരുന്ന തിരുപ്പിറവി ദൃശ്യങ്ങളോടുകൂടിയ പുൽക്കൂട് പ്രദർശനം ഈ വർഷം മുതൽ ഫെഡറേഷൻ സ്ക്വയറിൽ വീണ്ടും ഒരുക്കും.
'മറ്റുള്ള മതക്കാരെ ഉൾക്കൊള്ളുന്നില്ല' എന്ന വാദം ഉന്നയിച്ച് സിറ്റി കൗൺസിലിന്റെ മുൻ നേതൃത്വം പുൽക്കൂട് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. 'വോക്ക്' (woke) അജണ്ടയുടെ ഭാഗമായി ക്രിസ്തീയ പാരമ്പര്യത്തെ മാറ്റിനിർത്തുന്നു എന്ന ശക്തമായ വിമർശനം നഗരത്തിൽ ഉയർന്നിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് കൗൺസിൽ ഇപ്പോൾ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്.
തിരുപ്പിറവി ദൃശ്യങ്ങൾ തിരിച്ചെത്തുന്നതിൽ മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോളി അതിയായ സന്തോഷം പ്രകടിപ്പിച്ചു. "മേരി, ജോസഫ്, ഉണ്ണിയേശു എന്നിവരുടെ ചിത്രം നമുക്ക് നൽകുന്നത് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ്. ഈ സന്ദേശം ഇപ്പോഴത്തെ ലോകത്ത് എന്നത്തേക്കാളും പ്രസക്തമാണ്," ആർച്ച് ബിഷപ്പ് പറഞ്ഞു.
നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർക്കും ക്രിസ്തുമസ് കഥ പങ്കിടാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഡെപ്യൂട്ടി ലോർഡ് മേയർ റോഷേന കാംപ്ബെൽ വ്യക്തമാക്കി. ക്രിസ്തുമസിന്റെ ക്രിസ്തീയ വേരുകൾ തിരിച്ചറിഞ്ഞുകൊണ്ട് പരമ്പരാഗത രീതിയിൽ ആഘോഷിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലോർഡ് മേയർ നിക്ക് റീസും കൂട്ടിച്ചേർത്തു.
പുൽക്കൂടിന്റെ തിരിച്ചുവരവിനൊപ്പം സിറ്റി സ്ക്വയറിൽ എല്ലാ ആഴ്ചയും ക്രിസ്തുമസ് കരോളുകളും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.