'സംഘര്‍ഷ സര്‍വ്വകലാശാല': കെടിയുവില്‍ ചുമതല ഏറ്റെടുക്കാന്‍ എത്തിയ താല്‍ക്കാലിക വിസിയെ എസ്എഫ്‌ഐയും ജീവനക്കാരും തടഞ്ഞു

'സംഘര്‍ഷ സര്‍വ്വകലാശാല': കെടിയുവില്‍ ചുമതല ഏറ്റെടുക്കാന്‍ എത്തിയ താല്‍ക്കാലിക വിസിയെ എസ്എഫ്‌ഐയും ജീവനക്കാരും തടഞ്ഞു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി ചുമതല ഏറ്റെടുക്കാനെത്തിയ ഡോ.സിസ തോമസിനെ തടഞ്ഞ് എസ്എഫ്ഐ. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെ ഇവര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഡോ. സിസ പ്രതികരിച്ചു.

തന്റെ പദവിക്കു പുറമേ താൽക്കാലികമായി അധിക ചുമതല എന്ന നിലയിലാണ് വിസി പദവി ലഭിച്ചിരിക്കുന്നതെന്നും താനല്ല വൈസ് ചാൻസലർ എന്നും ഡോ. സിസ വ്യക്തമാക്കി. താനല്ല മറ്റൊരാളാണ് ചുമതല ഏൽക്കുന്നതെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്ന് അവർ അറിയിച്ചിരുന്നു. അതുകൊണ്ട് പ്രതിഷേധം പ്രതീക്ഷിച്ചിരുന്നു. പുതിയ വിസി വരുന്നതുവരെ താൻ ചുമതല നിർവഹിക്കും.

പരീക്ഷാ നടത്തിപ്പിനും മറ്റുമായി വിസിയുടെ ചുമതലയിൽ ആരെങ്കിലും ഉണ്ടായിരിക്കണം. ജീവനക്കാരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സമരം ഞെട്ടിച്ചു. വിദ്യാർഥികൾക്കുവേണ്ടി ചുമതല നിർവഹിക്കുമെന്നും ഡോ.സിസ പറഞ്ഞു.


അതേസമയം ഒപ്പുവച്ച് ചുമതലയേറ്റെടുക്കാൻ ഡോ. സിസയ്ക്കു റജിസ്റ്റർ നൽകിയില്ല. രജിസ്ട്രാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി രജിസ്ട്രാർ ഉൾപ്പടെ 50 ൽ അധികം പ്രധാനപ്പെട്ട ജീവനക്കാരെല്ലാം സമരത്തിലാണ്. ഇതേത്തുടർന്ന് പേപ്പറിൽ ജോയിനിങ് റിക്വസ്റ്റ് രേഖപ്പെടുത്തിയാണ് വിസിയുടെ ചുമതല ഏറ്റെടുത്തത്. ചുമതലയേറ്റ കാര്യം ഡോക്ടർ സിസാ തോമസ് ഗവർണറുടെ ഓഫീസിനെ രേഖാമൂലം അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിസി ചുമതല നൽകുക എന്ന സർക്കാർ ശുപാർശ പാടെ അവഗണിച്ച് കൊണ്ടാണ് കേരള ഗവർണർ തന്റെ ചാൻസലർ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവിറക്കിയത്. പുതിയ വി.സിയെ നിയമിക്കുന്നതുവരെയാണ് ഡോ. സിസാ തോമസിന് കെടിയു വൈസ് ചാൻസലർ ചുമതല താൽക്കാലികമായി നൽകിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്.

മുൻ കെടിയു വിസിയായിരുന്ന ഡോ. രാജശ്രീ എം.എസിനെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോ.സിസ തോമസിന് പുതിയ വിസിയായി ചുമതല നൽകിക്കൊണ്ടുള്ള നടപടി രാജ്ഭവൻ സ്വീകരിച്ചത്. ഡോ. രാജശ്രീയെ വൈസ് ചാൻസലറായുള്ള നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.