തെലങ്കാനക്ക് പുറമേ മൂന്ന് സംസ്ഥാന സര്‍ക്കാരുകളെ കൂടി അട്ടിമറിക്കാന്‍ ബിജെപി ശ്രമം; തെളിവ് കൈമാറാമെന്ന് കെസിആര്‍

തെലങ്കാനക്ക് പുറമേ മൂന്ന് സംസ്ഥാന സര്‍ക്കാരുകളെ കൂടി അട്ടിമറിക്കാന്‍ ബിജെപി ശ്രമം; തെളിവ് കൈമാറാമെന്ന് കെസിആര്‍

ഹൈദരാബാദ്: വന്‍തുക നല്‍കി നാല് ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ അറസ്റ്റിലായ നാല് പേര്‍ തെലങ്കാനക്ക് പുറമേ മൂന്ന് സംസ്ഥാന സര്‍ക്കാരുകളെ കൂടി അട്ടിമറിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവു.  രാജസ്ഥാന്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍.

രാഷ്ട്രീയം നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഹീനമായ പ്രവൃത്തികള്‍ അവസാനിപ്പിക്കണം. അതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുന്നതായും കെസിആര്‍ പറഞ്ഞു.

'ആരും ആയിരം വര്‍ഷം ജീവിക്കുന്നില്ല. രണ്ട് തവണ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്നാല്‍ നിങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ നിങ്ങളുടെ പേര് മോശമാക്കുകയാണ്. സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ കൊണ്ട് എന്ത് നേട്ടമാണ് കൈവരിക്കാന്‍ പോകുന്നത്?'- പ്രധാനമന്ത്രിയോടായി അദ്ദേഹം ചോദിച്ചു.

നാല് ടിആര്‍എസ് എംഎല്‍എമാരെ നൂറ് കോടി വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച രാമചന്ദ്ര ഭാരതി, സിംഹയാജി, നന്ദുകുമാര്‍ എന്നിവരെ സൈബരാബാദ് പൊലീസ് ഫാം ഹൗസില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ രഹസ്യ ഓഡിയോ, വീഡിയോ റെക്കോര്‍ഡുകള്‍ അടക്കം പൊലീസ് തെലങ്കാന ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വീഡിയോകളും അനുബന്ധ വിവരങ്ങളും രാജ്യത്തെ എല്ലാ ജഡ്ജിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി മേധാവികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും അയച്ച് കൊടുക്കുമെന്നും കെസിആര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.