സഖാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുള്ള മേയറുടെ കത്ത് പുറത്ത്: വിശദീകരിക്കാന്‍ പാടുപെട്ട് സിപിഎം; സമരകാഹളം മുഴക്കി ബിജെപി

സഖാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുള്ള മേയറുടെ കത്ത് പുറത്ത്: വിശദീകരിക്കാന്‍ പാടുപെട്ട് സിപിഎം; സമരകാഹളം മുഴക്കി ബിജെപി

തിരുവനന്തപുരം: സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമം വിവാദത്തില്‍. 295 താത്കാലിക തസ്തികകളിലേക്ക് സഖാക്കളെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തായി.

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഈ മാസം ഒന്നിനാണ് കത്തയച്ചത്. ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് കത്ത് പരസ്യമായത്. നഗരസഭയിലെ പ്രതിപക്ഷമായ ബിജെപി പിന്‍വാതില്‍ നിയമനത്തിനെതിരെ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു.

സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം. കത്തയച്ചിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ആനാവൂര്‍ നാഗപ്പനും ഒഴിഞ്ഞു മാറി.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താത്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.