വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ സെനറ്റര്‍ മാര്‍ക്കോ റൂബിയോ അവതരിപ്പിച്ച 'സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്' എന്ന ബില്ലിന് യുഎസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. പകല്‍ വെളിച്ചം കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിന് വര്‍ഷത്തിലെ എട്ടു മാസത്തില്‍ നിന്നും 12 മാസത്തേക്ക് ശ്വാശ്വതമായി നീട്ടുന്നതാണ് ബില്‍. എന്നാല്‍ നടപടി യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിട്ടില്ല. പ്രസിഡന്റ് ബൈഡന്‍ നിയമത്തില്‍ ഒപ്പുവച്ചിട്ടുമില്ല.
പകല്‍ വെളിച്ചം പരമാവധി ഉപയോഗപ്പെടുത്താന്‍ അമേരിക്ക എല്ലാ വര്‍ഷവും നടപ്പാക്കുന്നതാണ് ''ഡേ ലൈറ്റ് സേവിങ് ടൈം''. മാര്‍ച്ച് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച് നവംബര്‍ മാസത്തെ ആദ്യ ഞായറാഴ്ച അവസാനിക്കുന്നതാണ് ഡേ ലൈറ്റ് സേവിങ് ടൈം. മാര്‍ച്ചില്‍ ഒരു മണിക്കൂര്‍ മുമ്പോട്ടും നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും സമയം മാറ്റുന്നതാണിത്. മനസിലാക്കാന്‍ എളുപ്പത്തിനായി, മാര്‍ച്ചില്‍ വസന്തം ആരംഭിക്കുന്നതിനാല്‍ 'സ്പ്രിങ് ഫോര്‍വേഡ്' (സമയം ഒരു മണിക്കൂര്‍ മുന്നോട്ട്) എന്നും നവംബറില്‍ ശിശിരം (ഫാള്‍) തുടങ്ങുന്നതിനാല്‍ 'ഫാള്‍ ബാക്ക്' (സമയം പിന്നോട്ട്) എന്നും പദങ്ങള്‍ ഉപയോഗിക്കുന്നു.
മാര്‍ച്ചിലെ രണ്ടാമത്തെ ഞായറാഴ്ച വെളുപ്പിന് രണ്ടു മണിയാകുമ്പോള്‍ രാജ്യത്തെ ഘടികാരങ്ങളെല്ലാം മൂന്നു മണിയിലേക്ക് തിരിക്കുകയും നവംബറിലെ ആദ്യ ഞായറാഴ്ച വെളുപ്പിന് രണ്ടു മണിയാകുമ്പോള്‍ സമയം ഒരു മണിയിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇലക്‌ട്രോണിക്ക് ഉപകരണങ്ങളില്‍ ഓട്ടോമാറ്റിക്കായി സമയം മാറും. ഈ സമയ മാറ്റം ആശയകുഴപ്പം ഉണ്ടാക്കുമെന്നതിനാലാണ് നേരത്തെ പറഞ്ഞ പദങ്ങള്‍ ഉപയോഗിക്കുന്നത്. 1908ല്‍ കാനഡയിലെ തണ്ടര്‍ ബേയിലാണ് ആദ്യമായി ഇത് ഉപയോഗിച്ചത്.
സന്തത്തിലും വേനലിലും ശിശിരത്തിലും പകല്‍ വെളിച്ചം പരമാവധി ഉപയോഗപ്പെടുത്താനും ഊര്‍ജ്ജം ലാഭിക്കാനും ഇതുവഴി സാധിക്കുന്നു.
1966ല്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ യൂണിഫോം ടൈം ആക്റ്റില്‍ ഒപ്പുവെച്ചതോടെ ഡേലൈറ്റ് സേവിങ് ടൈം ഒരു ദേശീയ മാനദണ്ഡമായി മാറി, അത് ഊര്‍ജ്ജ സംരക്ഷണം തുടരുന്നതിനുള്ള ഒരു മാര്‍ഗവുമായി. പുറത്ത് പ്രകാശം കൂടുതല്‍ സമയം ഉണ്ടെങ്കില്‍ വീട്ടിനുള്ളില്‍ ലൈറ്റ് ഇടുന്ന സമയം കുറയും എന്നാണ് ചിന്തിച്ചത്. മൂന്ന് ടൈം സോണുള്ള അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഡേ ലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിട്ടില്ല. യുഎസ് ഗതാഗത വകുപ്പാണ് രാജ്യത്തിന്റെ സമയ സോണുകള്‍ക്കും പകല്‍ ലഭിക്കുന്ന സമയത്തിന്റെ ഏകീകൃത പരിപാലനത്തിനും മേല്‍ നോട്ടം വഹിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ടൈം സോണുകളുടെ മേല്‍ നോട്ടം ഡിഒടിയെ(ഗതാഗത വകുപ്പ്) ഏല്‍പ്പിച്ചു.
സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് എട്ടു മാസത്തില്‍ നിന്നും ഡേലൈറ്റ് സേവിങ് ടൈം 12 മാസത്തേക്ക് ശാശ്വതമായി നീട്ടും. 2021 ജനുവരിയിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. 2022 മാര്‍ച്ചില്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, മറ്റ് ഏഴ് ഉഭയകക്ഷി അംഗങ്ങള്‍ എന്നിവര്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. ഡേ ലൈറ്റ് സേവിങ് ടൈം യുഎസില്‍ ഉടനീളം ശാശ്വതമാക്കുന്നതാണ് ബില്‍.
സ്റ്റാന്‍ഡേര്‍ഡ് ടൈമും ഡേ ലൈറ്റ് സേവിങ് ടൈമും നടപ്പാക്കിയ ആദ്യ ഫെഡറല്‍ നിയമമാണ് 1918ലെ സ്റ്റാന്‍ഡേര്‍ഡ് ടൈം ആക്റ്റ്. ടൈം സോണുകളുടെ ഫെഡറല്‍ മേല്‍നോട്ടം 1918-ല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആക്റ്റ് നിലവില്‍ വന്നതോടെയാണ് ആരംഭിച്ചത്, യു.എസിലെ സ്റ്റാന്‍ഡേര്‍ഡ് ടൈം സോണുകള്‍ക്കിടയില്‍ അതിരുകള്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്റര്‍സ്റ്റേറ്റ് കൊമേഴ്സ് കമ്മീഷനില്‍ നിക്ഷിപ്തമാക്കി. 1966ല്‍ കോണ്‍ഗ്രസ് ഗതാഗത വകുപ്പ് (ഡിഒടി) സൃഷ്ടിച്ചപ്പോള്‍ ഇന്റര്‍സ്റ്റേറ്റ് കൊമേഴ്സ് കമ്മീഷനില്‍ നിന്ന് ഡിഒടിയിലേക്ക് ഈ ഉത്തരവാദിത്തം കൈമാറിയെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവിക്കുന്നു.
അരിസോണയും ഹവായിയും ഡേ ലൈറ്റ് സേവിങ് ടൈ അംഗീകരിക്കുന്നില്ല. പോര്‍ട്ടോ റിക്കോ, വിര്‍ജിന്‍ ദ്വീപുകള്‍, അമേരിക്കന്‍ സമോവ, ഗുവാം, വടക്കന്‍ മരിയാനകള്‍ എന്നിവിടങ്ങളിലും ക്ലോക്കുകള്‍ മാറ്റേണ്ടി വരുന്നില്ല.
വര്‍ഷത്തില്‍ രണ്ടു തവണ ക്ലോക്കുകള്‍ മാറ്റുന്നത് ഭേദഗതി ചെയ്യുന്ന കാര്യം 30 സംസ്ഥാനങ്ങള്‍ പരിഗണിക്കുന്നുണ്ട്. അലബാമ, അര്‍ക്കന്‍സാസ്, നെവാദ, ഒറിഗണ്‍, ടെന്നസി, വാഷിംഗ്ടണ്‍, ഫ്‌ളോറിഡ എന്നിങ്ങനെ ഏഴു സംസ്ഥാനങ്ങള്‍ ഭേദഗതി അംഗീകരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അനുമതി കൂടി ലഭിച്ചിട്ടു വേണം ഇനി നിയമമാക്കാന്‍.
ലോകമൊട്ടാകെയായി 70 തിലധികം രാജ്യങ്ങള്‍ ഡേ ലൈറ്റ് സേവിങ് ടൈം ഉപയോഗിക്കുന്നുണ്ട്. 100 കോടിയിലധികം പേരെ ഇത് ബാധിക്കുന്നുണ്ട്. തുടക്കവും ഒടുക്കവും ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.