മുന്നോക്ക സാമ്പത്തിക സംവരണം: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാനമായ വിധി രാവിലെ 10.30-ന്

മുന്നോക്ക സാമ്പത്തിക സംവരണം: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാനമായ വിധി രാവിലെ 10.30-ന്

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാനമായ വിധി ഇന്ന്. രാവിലെ പത്തരക്ക്  വിധി പ്രസ്താവം ഉണ്ടാകും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവര്‍ ചേര്‍ന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം. ത്രിവേദി, ജെ.ബി. പര്‍ദ്ദിവാലാ എന്നിവര്‍ ചേര്‍ന്ന് മറ്റൊരു വിധിയുമാകും പ്രസ്താവിക്കുക. 

നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസില്‍ വാദം കേട്ടത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ എത്തിയത്. 

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹര്‍ജിക്കാര്‍ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതി ഭരണഘടനയുടെ അന്തസത്തക്ക് എതിരാണ്. സംവരണം അന്‍പത് ശതമാനം കടക്കരുതെന്ന സുപ്രിംകോടതി വിധിക്ക് എതിരാണ് ഭേദഗതി. ദരിദ്രരായ മുന്നാക്ക ജാതിക്കാരെ സഹായിക്കേണ്ടത് സംവരണം നല്‍കിയല്ലെന്നും സംവരണം സാമൂഹ്യ ഉത്തരവാദിത്തമാണെന്നുമാണ് ഹരജിക്കാര്‍ വാദിച്ചിരുന്നു. 

ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്ന മുന്നോക്ക സമുദായ മുന്നണി ഉള്‍പ്പെടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

പൊതു വിഭാഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്നതിനായി 2019 ജനുവരി 12നാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. തുല്യതയ്ക്കും സംവരണത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന അനുഛേദങ്ങളിലായിരുന്നു ഭേദഗതി. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി ബില്ലില്‍ നിര്‍വച്ചിച്ചു. സര്‍ക്കാര്‍ ജോലികളും എയ്ഡഡും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സംവരണ വ്യവസ്ഥയുടെ പരിധിയില്‍ വന്നു. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചെയ്തു.

ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണ് ഭേദഗതിയെന്ന് ഹര്‍ജിക്കാര്‍ ശക്തമായി വാദിച്ചു. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണിതെന്നും ഇവര്‍ വാദിച്ചു. ഇന്ദ്ര സാഹ്നി കേസിനെ പരാമര്‍ശിച്ചുള്ള വാദങ്ങളില്‍, 2008ല്‍ അശോക് കുമാര്‍ താക്കൂര്‍ കേസില്‍. ജാതിയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് ഒബിസിയെ നിര്‍വചിച്ചതെന്ന് കോടതി പരാമര്‍ശം സര്‍ക്കാര്‍ ആയുധമാക്കി. 

സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാപരമായി സാധുതയുള്ളതാണോ, സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം സാധുവാണോ, എസ് സി, എസ്ടി വിഭാഗങ്ങളെ ഈ നിയമം ഒഴിവാക്കുന്നത് ഭരണഘടനാപരമായി സാധുതയുള്ളതാണോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. 

മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹോ തലവനായി യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനം. 2010ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ല്‍ സാമ്പത്തിക സംവരണം നടപ്പാക്കി. ഇതിനെ ചോദ്യം ചെയ്ത് 2019 ജനുവരി 10ന് യൂത്ത് ഫോര്‍ ഇക്വാലിറ്റി ആദ്യ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ജനുവരി 12ന് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി. മാര്‍ച്ച് 12 മൂന്നംഗ ബെഞ്ച് വാദം കേട്ടു. ഓഗസ്റ്റ് അഞ്ചിന് കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. 2022 സെപ്തംബര്‍ 13ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.