തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പരിഷ്‌കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാഴായി. രാജ്യത്തെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിൽ സിറ്റി സർക്കുലർ സർവീസിനും ഗ്രാമവണ്ടി പദ്ധതിക്കുമുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം കെഎസ്ആർടിസിക്ക് ലഭിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞ തിയതി കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടില്ല.
കെഎസ്ആർടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിഷ്‌കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചിരുന്നു. പിന്നാലെ ഓണം വരെയുള്ള കുടിശ്ശിക തീർത്തത് അടക്കം രണ്ട് മാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകിയിരുന്നു. എന്നാൽ ഈ മാസം ഇതുവരെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല.
വരുമാനം കൂടിയാൽ ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. എന്നാൽ വരുമാനത്തിൽ മാറ്റമുണ്ടായെങ്കിലും ശമ്പളം കൃത്യസമയത്തു കിട്ടിയിട്ടില്ല.
ഉല്ലാസയാത്രകൾക്കും കല്യാണ ഓട്ടത്തിനുമായി കെഎസ്ആർടിസി ബസുകൾ ഓടുന്നത് വഴിയും ഇപ്പോൾ വരുമാനത്തിൽ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കള്ളിപ്പാറയിലേക്ക് മൂന്നാറിൽ നിന്നുള്ള സർവീസുകളിൽ നിന്നു മാത്രം കെഎസ്ആർടിസിക്ക് 3 ദിവസങ്ങൾ കൊണ്ട് 1,05,000 രൂപ വരുമാനം ലഭിച്ചു. മൂവായിരത്തിലധികം സഞ്ചാരികൾ മൂന്നാറിൽ നിന്നുള്ള കെഎസ്ആർടിസി പ്രത്യേക സർവീസിനെ ആശ്രയിച്ചു. പൂപ്പാറ, ഉടുമ്പൻ ചോല എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസി കള്ളിപ്പാറയിലേക്കു സർവീസുകൾ നടത്തി.
അതേസമയം പാറശ്ശാലയിലെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാതെ വന്നതോടെ മാനേജ്‌മെന്റ് അതൃപ്തിയിലാണ്. കൂടുതൽ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റർ വരുമാനം 62ൽ നിന്ന് 51 ആയി താഴ്ന്നു. ഡ്യൂട്ടി ഷെഡ്യൂൾ പ്രശ്‌നങ്ങളും ബാക്കിയാണ്.
ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും മാത്രമാണ് ബാക്കി. മറ്റ് ഡിപ്പോകളിലേക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വ്യാപിപ്പിക്കാൻ കഴിയാതെ വന്നതോടെ ശമ്പള കാര്യത്തിൽ മാനേജ്‌മെന്റ് അയവുവരുത്തിയെന്നാണ് തൊഴിലാളികൾ വിലയിരുത്തുന്നത്.
എല്ലാ മാസവും 50 കോടി രൂപ നൽകുന്ന ധനവകുപ്പ് ഇത്തവണ 30 കോടി രൂപ മാത്രമാണ് നൽകിയതെന്നും ഇതാണ് ശമ്പളം വൈകാൻ കാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. സർക്കാരിൽ നിന്ന് 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്മെൻറ് കത്ത് നൽകിയിട്ടുണ്ട്. പണം കിട്ടിയില്ലെങ്കിൽ മുൻപത്തെപ്പോലെ ഭാഗികമായി ശമ്പളം വിതരണം ചെയ്യാനും ആലോചനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.