ആലപ്പുഴ രൂപത എപ്പിസ്‌കോപ്പല്‍ വികാരി ഫാ.ഫെര്‍ണാണ്ടസ് കാക്കശേരി അന്തരിച്ചു

ആലപ്പുഴ രൂപത എപ്പിസ്‌കോപ്പല്‍ വികാരി ഫാ.ഫെര്‍ണാണ്ടസ് കാക്കശേരി അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴ രൂപതയില്‍ സഭാപരമായ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്‌കോപ്പല്‍ വികാരി ഫാ.ഫെര്‍ണാണ്ടസ് കാക്കശേരി (53) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നാളെ ഉച്ചയ്ക്ക് 12 ന് പള്ളിത്തോട് കുടുംബ വീട്ടില്‍ ശുശ്രൂഷ ആരംഭിച്ച ശേഷം ഇടവക ദേവാലയമായ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2.30 ന് ബിഷപ് ഡോ.ജയിംസ് ആനാപറമ്പിലിന്റെ കാര്‍മികത്വത്തില്‍ നടക്കും.

2020 മുതല്‍ രൂപതയുടെ കൂദാശകളുടെ ചുമതലയുള്ള എപ്പിസ്‌കോപ്പല്‍ വികാരിയായും രൂപതയുടെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, സ്‌പെഷല്‍ സ്‌കൂളായ സാന്ത്വന്‍ ഡയറക്ടര്‍, ലിയോ തേര്‍ട്ടീന്ത്, സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂളുകളുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു വരികയായിരുന്നു ഫാ.ഫെര്‍ണാണ്ടസ് കാക്കശേരി.

നെരിപ്പോടിലെ തീക്കനല്‍, ഗവേഷണ സംബന്ധമായ ദ ഡിഗ്‌നിറ്റി ഓഫ് മാന്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സഹോദരങ്ങള്‍: വര്‍ഗീസ്, ജെമ്മ, തങ്കമ്മ സൈറസ് അറുകുലശേരി, ജോസഫ്, അനറ്റ്, ലോപ്പസ്, ഡൊമിനിക്, മാര്‍ഗരറ്റ്, പരേതനായ അലക്‌സ്.

1996 ഏപ്രില്‍ 13 ന് ബിഷപ് ഡോ.പീറ്റര്‍ ചേനപ്പറമ്പില്‍ നിന്നാണ് ഫാ.ഫെര്‍ണാണ്ടസ് വൈദിക പട്ടം സ്വീകരിച്ചത്. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. 1997 ല്‍ വെള്ളാപ്പള്ളി ഇടവക വികാരിയായി. പിറ്റേ വര്‍ഷം സെന്റ് ആന്റണീസ് ഓര്‍ഫനേജ് അസിസ്റ്റന്റ് ഡയറക്ടറായി.

തുടര്‍ന്ന് റോമില്‍ ലാറ്ററല്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോയി. 2005 തിരികെ എത്തി തിരുഹൃദയ സെമിനാരിയുടെ റെക്ടറായി. 2010 ല്‍ രൂപതയുടെ ചാന്‍സലറും കുടുംബ പ്രേഷിത ഡയറക്ടറും 2015 ല്‍ രൂപത പ്രൊക്യുറേറ്ററും ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.