വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ രാഷ്ട്രീയക്കാര്‍ ഒഴിവാക്കണം; നിരീക്ഷണവുമായി സുപ്രീം കോടതി

വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ രാഷ്ട്രീയക്കാര്‍ ഒഴിവാക്കണം; നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന അലിഖിത കീഴ്‌വഴക്കം രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവര്‍ത്തകരും പാലിക്കണമെന്ന് സുപ്രീം കോടതികോടതി. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റേതാണ് നിരീക്ഷണം. ഈ കീഴ്‌വഴക്കം ജഡ്ജിമാര്‍ പാലിക്കാറുണ്ടെന്നും ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാനായി മാറ്റി.

അധിക മാര്‍ഗരേഖകള്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ട രമണിയുടെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും വാദം.

അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് സുപ്രീം കോടതി തന്നെ രണ്ട് വിധികളിലൂടെ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാര്‍ഗരേഖ പലപ്പോഴും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ബാധകമാകാറില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് മാര്‍ഗരേഖ കൊണ്ടു വരുന്നത് നിയമ നിര്‍മാണ സഭകളുടെ പ്രവര്‍ത്തനത്തിലുള്ള ഇടപെടല്‍ അല്ലേയെന്ന് ഭരണഘടന ബെഞ്ച് ആരാഞ്ഞു.

മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനിടെ മുന്‍മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, ബി.വി നാഗരത്ന എന്നിവരായിരുന്നു അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.