ചൈനീസ് നീക്കം ചെറുക്കാന്‍ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ സൈനികര്‍ക്കായി അടിസ്ഥാന സൗകര്യമൊരുക്കി ഇന്ത്യ

ചൈനീസ് നീക്കം ചെറുക്കാന്‍ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ സൈനികര്‍ക്കായി അടിസ്ഥാന സൗകര്യമൊരുക്കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ 450 ടാങ്കുകളും 22,000 -ലധികം സൈനികരെയും പാര്‍പ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യ വികസനം ചെറുക്കാനാണ് നീക്കം.

ഇന്ത്യയിലും ചൈനയിലുമായി സ്ഥിതി ചെയ്യുന്ന പാംഗോങ് ത്സോ തടാകത്തിലെ ചൈനയുടെ കൈയ്യേറ്റ ശ്രമങ്ങളെ പ്രതിരോധിക്കാന്‍, ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍ കിഴക്കന്‍ ലഡാക്കില്‍ പുതിയ ലാന്‍ഡിങ് ക്രാഫ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പട്രോളിങ് ശക്തിപ്പെടുത്താന്‍ സഹായകരമാണ്. 12 പേരെ വഹിക്കാനാകുന്ന എയര്‍ ക്രാഫ്റ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

22,000 സൈനികര്‍ക്കുള്ള താമസ സൗകര്യങ്ങളും ഏകദേശം 450 എ വാഹനങ്ങളും യുദ്ധോപകരണങ്ങളും സാങ്കേതിക സംഭരണവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പുറമെ, സ്ഥിരമായ പ്രതിരോധ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണം ഏറ്റെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാര്‍ മരുഭൂമി മേഖലയില്‍ ആദ്യമായി 3ഡി പ്രിന്റ് ചെയ്ത സ്ഥിരം പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിച്ചു. ചെറിയ ആയുധങ്ങള്‍ മുതല്‍ ടി90 ടാങ്കിന്റെ പ്രധാന തോക്ക് വരെയുള്ള നിരവധി ആയുധങ്ങള്‍ ഈ പ്രതിരോധങ്ങളില്‍ പരീക്ഷിക്കപ്പെട്ടുവെന്ന് അതിര്‍ത്തികളില്‍ നിര്‍മ്മിക്കുന്ന സ്ഥിരമായ പ്രതിരോധത്തെക്കുറിച്ച് സംസാരിച്ച ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനീയര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ഹര്‍പാല്‍ സിങ് പറഞ്ഞു. ഇത്തരം പ്രതിരോധ സംവിധാനങ്ങള്‍ക്ക് സ്‌ഫോടനങ്ങളെ ചെറുക്കാന്‍ കഴിയുമെന്നും 36-48 മണിക്കൂറിനുള്ളില്‍ സ്ഥാപിക്കാമെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ലഡാക്കിലും സമാനമായ രീതിയില്‍ സ്ഥിരമായ പ്രതിരോധത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അത് ഉപയോഗപ്രദമാണെന്ന് തെളിഞ്ഞതായും നറല്‍ ഹര്‍പാല്‍ സിങ് പറഞ്ഞു.

ചൈനീസ് അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം എടുത്തുകാട്ടി, നിലവില്‍ ഒമ്പത് തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. അതില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 2.535 കിലോമീറ്റര്‍ നീളമുള്ള സെല ടണല്‍ ഉള്‍പ്പെടുന്നു. ഇത് പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബൈ-ലെയ്ന്‍ ടണല്‍ ആയിരിക്കും. 11 തുരങ്കങ്ങള്‍ കൂടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.