മതം പറയരുത്, പാട്ട് കേൾക്കരുത്, ചിരിക്കരുത്, ജീൻസ്‌ നീലയാകരുത്, ശിക്ഷ മൂന്ന് തലമുറയ്ക്ക്; ഉത്തര കൊറിയയിലെ കമ്യൂണിസ്റ് നിയമങ്ങള്‍

മതം പറയരുത്, പാട്ട് കേൾക്കരുത്, ചിരിക്കരുത്, ജീൻസ്‌ നീലയാകരുത്, ശിക്ഷ മൂന്ന് തലമുറയ്ക്ക്; ഉത്തര കൊറിയയിലെ കമ്യൂണിസ്റ് നിയമങ്ങള്‍

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായി നിലനില്‍ക്കുന്ന ഉത്തര കൊറിയ മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനതയെ അടിമകളെ പോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന രാജ്യമാണ്. ചില ദിവസങ്ങളില്‍ ചിരിക്കുന്നതിന് പോലും ഇവിടെ വിലക്കുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന ഉത്തര കൊറിയയിലെ ചില കമ്യൂണിസ്റ് നിയമങ്ങളും വിലക്കുകളും ഇങ്ങനെ.

ഉത്തരകൊറിയൻ പരമോന്നത നേതാവ് ആയിരുന്ന കിം ജോംഗിന്റെ പത്താം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് ആ പത്ത് ദിവസം ആരും ചിരിക്കാനോ, ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്ന് ഉത്തര കൊറിയ നടത്തിയ ഉത്തരവ് ലോകത്തെ ഞെട്ടിച്ചിരുന്നു. 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ച നേതാവാണ് നിലവിലെ ഭരണാധികാരിയായ കിം ജോങ്-ഉനിന്റെ പിതാവായ കിം ജോങ്-ഇൽ. അദ്ദേഹം മരിച്ചത് മുതൽ എല്ലാ വർഷവും ദുഃഖാചരണ ദിവസം പിന്തുടർന്ന വിചിത്ര നിയമമാണിത്.

17 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഉത്തര കൊറിയയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. വോട്ട് ചെയ്യാനെത്തുന്ന എല്ലാവർക്കും ഒരാളുടെ പേര് മാത്രം എഴുതിയ ബാലറ്റ് പേപ്പര്‍ ലഭിക്കും. വേറെ ഒന്നും ചെയ്യാനില്ല, നേരെ ആ പേപ്പർ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം. ഇതോടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആ പൗരന്‍ പങ്കാളിയായിക്കഴിഞ്ഞു.

നീല ജീന്‍സിനെ മുതലാളിത്തത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കാണുന്നത്. ഇത്തരം ജീന്‍സ് ധരിച്ച് പുറത്തിറങ്ങുന്നത് ജയിലിലടയ്ക്കാനാകുന്ന കുറ്റകൃത്യമാണ്. നീല കളർ ജീൻസ് അമേരിക്കൻ ഫാഷൻ ആണെന്നും അമേരിക്ക ശത്രു രാജ്യമായതിനാൽ അമേരിക്കയുടെ ഫാഷൻ പോലും ഉപയോഗിക്കരുതെന്നുമാണ് ഇവിടുത്തെ നിയമം.

രാജ്യത്തെ ഏറ്റവും വിചിത്രമായ നിയമങ്ങളിൽ ഒന്നാണ് മൂന്ന് തലമുറയെയും ശിക്ഷിക്കുന്ന രീതി. മൂന്ന് തലമുറയിലെ ശിക്ഷാ നിയമം രാജ്യത്തെ ജനങ്ങളെ തന്നെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. രാഷ്ട്രീയ കുറ്റവാളികളുടെ മൂന്ന് തലമുറയെ ശിക്ഷിക്കുന്ന രീതിയാണിത്. 1948 മുതല്‍ ഉത്തര കൊറിയയില്‍ ഈ നിയമം നടപ്പിലാക്കി വന്നിരുന്നുവെന്നാണ് അനുഭവസാക്ഷ്യങ്ങള്‍ തെളിയിക്കുന്നത്. ഒരാൾ കുറ്റകൃത്യം ചെയ്യുകയാണെങ്കിൽ, അയാളുടെ മുത്തശ്ശിമാരും മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ അദ്ദേഹത്തിന്റെ മുഴുവൻ രക്തബന്ധവും ജയിലിലകപ്പെടും.

നാസ്തികത്വം ബലം പ്രയോഗിച്ച് നടപ്പാക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. എല്ലാവരും കിം കുടുംബത്തില്‍പ്പെട്ടവരാണ്. അതിനാല്‍ പൗരന്മാര്‍ക്ക് മതമോ വിശ്വാസമോ പാടില്ലെന്നാണ് നിയമം. ബൈബിളിന് ഉത്തര കൊറിയയില്‍ വിലക്കുണ്ട്. പാശ്ചത്യ സംസ്‌കാരം പ്രചരിപ്പിക്കാന്‍ ബൈബിള്‍ സഹായിക്കും എന്ന കാരണത്താലാണത്രേ ഈ വിലക്ക്.

ഇനി പൗരന്മാർക്ക് മുടിവെട്ടണം എന്ന് തോന്നിയാൽ അതിനും സർക്കാർ നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 28 ഹെയർസ്റ്റൈലുകളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഈ രീതിയിൽ മാത്രമേ മുടി വെട്ടാൻ സാധിക്കുകയുള്ളു. ഇതില്‍ 10 സ്റ്റൈലുകള്‍ പുരുഷന്മാര്‍ക്കായും 18 സ്റ്റൈലുകള്‍ സ്ത്രീകള്‍ക്കായുമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം, കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈൽ ആരെങ്കിലും പരീക്ഷിച്ചാൽ അവരെ ജയിലിലടയ്ക്കാനുള്ള നിയമവും രാജ്യത്തുണ്ട്.

വിദേശ സിനിമകള്‍ കാണുന്നതിനും അന്യഭാഷാ ഗാനങ്ങള്‍ കേള്‍ക്കുന്നതിനും കര്‍ശനമായ വിലക്കുണ്ട്. അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ കാണുന്നതിന് മരണശിക്ഷ വരെ വിധിച്ചേക്കാം. കൂടാതെ രാജ്യത്ത് സംഗീതം നിരോധിച്ചിട്ട് അധികം വർഷമായിട്ടില്ല. പൗരന്മാർക്കിടയിൽ വിയോജിപ്പുണ്ടാക്കാൻ സംഗീതത്തിനും അതിലെ വരികൾക്കും കഴിയുമെന്ന വിചിത്ര കണ്ടെത്തലിനെ തുടർന്ന് 2015 ലാണ് കിം-ജോങ് ഉൻ സംസ്ഥാനത്തൊട്ടാകെ നിരോധിത ഗാനങ്ങളുള്ള എല്ലാ കാസറ്റ് ടേപ്പുകളും സിഡികളും നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

പൗരാവകാശങ്ങള്‍ ഈ വിധത്തില്‍ നിഷേധിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ആരും ഉത്തര കൊറിയ വിട്ടുപോകാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മറ്റൊരു നിയമം മൂലമാണ്. ഉത്തര കൊറിയയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് മരണമാണ് ഉത്തര കൊറിയയിലെ ശിക്ഷ. അതിര്‍ത്തികളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇരുപത്തിരണ്ടാം നൂറ്റാണ്ട് ആയിട്ട് കൂടെ ഇവിടെ എല്ലാ രാത്രിയിലും പവർ കട്ട് ഉണ്ടാകും. രാജ്യം മുഴുവൻ ഇരുട്ടിലാകുന്ന അവസ്ഥ ഇവിടെയുണ്ട്. സംസ്ഥാനങ്ങളിലെ ഊർജ്ജ പ്രതിസന്ധി കാരണം വീടുകൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാൻ കഴിയാറില്ല. ഇതാണ് പവർ കട്ടിനു പിന്നിലെ കാരണം. ബഹിരാകാശത്ത് നിന്ന് എടുത്ത ഉത്തര കൊറിയയുടെ ഫോട്ടോ വൈറലായതിന് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.

കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്ന മാതാപിതാക്കൾ ഒപ്പം സ്വന്തം പണം മുടക്കി അവർക്കായി ഡെസ്കുകളും കസേരകളും വാങ്ങി നൽകേണ്ടതുണ്ട്. കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇത്തരം വസ്തുക്കൾ മാതാപിതാക്കൾ സ്‌കൂളിൽ എത്തിക്കണം എന്നാണു രാജ്യത്തെ നിയമം.

ഉത്തര കൊറിയയില്‍ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകള്‍ മാത്രമാണ്. മൂന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികള്‍ പറയുന്നത്. ഇവയില്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ സര്‍ക്കാര്‍ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്.

പ്രമുഖ ഇലക്ട്രോണിക്‌സ്‌,ടെക്‌നോളജി സേവനദാതാക്കളായ സോണിക്കും ആപ്പിളിനും രാജ്യത്ത് പ്രവേശനില്ല. പൗരന്മാർ സര്‍ക്കാര്‍ ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി എന്നതാണ് നിയമം.

ഉത്തര കൊറിയക്കാർക്ക് 28 വെബ്‌സൈറ്റുകൾ മാത്രമേ സന്ദർശിക്കാൻ അനുമതിയുള്ളു. അവരുടെ ഇൻട്രാനെറ്റിനെ “ക്വാങ്‌മിയോംഗ്” അല്ലെങ്കിൽ ബ്രൈറ്റ് എന്ന് വിളിക്കുന്നു, അതിലൂടെ ഇന്റർനെറ്റ് ആക്‌സസ്സു ചെയ്യുന്നു. ഒരു കമ്പ്യൂട്ടർ സ്വന്തമായി വാങ്ങണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്.

തലസ്ഥാന നഗരമായ പ്യോങ്ഗ്യാങില്‍ കഴിയണമെങ്കില്‍ തീര്‍ച്ചയായും സക്കാര്‍ അനുവാദം വേണം. സമ്പന്നര്‍ മാത്രം തലസ്ഥാന നഗരത്തില്‍ താമസിച്ചാല്‍ മതി എന്നാണ്‌ കിം ജോങ് ഉന്നിന്റെ ഉത്തരവ്.

ഇതൊന്നും പോരാതെ ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യം കൂടിയാണ് ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആഢംബരത്തിന്റെ പ്രതീകമായാണ് കാറുകളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സമ്പന്നർക്കും ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്കും മാത്രമാണ് ഈ രാജ്യത്ത് കാര്‍ വാങ്ങാന്‍ അനുവാദമുള്ളത്.

ഇവിടെ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട്. ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം. സമൂഹത്തിലെ ഉന്നതര്‍ക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായാണ് ഉത്തര കൊറിയയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

ഇന്ത്യയില്‍ വാഹനങ്ങളിലാണ് വേഗപ്പൂട്ട് സ്ഥാപിക്കുന്നത് എങ്കില്‍ ഉത്തര കൊറിയയില്‍ റോഡ് ലെയ്‌നുകൾ തന്നെയാണ് 'വേഗപ്പൂട്ട്'. സമൂഹത്തിലെ വിവിധ ശ്രേണികള്‍ക്കായി ഒരുക്കിയ റോഡുകളെ ആശ്രയിച്ചാണ് വേഗപ്പൂട്ടുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ ലെയ്‌നിലെ വാഹനങ്ങള്‍ക്ക് എത്ര വേഗതയില്‍ വേണമെങ്കിലും സഞ്ചരിക്കാം. മണിക്കൂറില്‍ 70, 60, 40 കിലോമീറ്റര്‍ എന്നിങ്ങനെയായാണ് മറ്റ് ലെയ്‌നുകള്‍ക്ക് അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന വേഗ നിയന്ത്രണം. താഴെത്തട്ടിലുള്ള ലെയ്‌നിലെ വാഹനത്തിന് രണ്ടാം ലെയ്‌നിലേക്ക് കടന്നാൽ അതും നിയമലംഘനമാണ്.

പോങ്യാങ്ങില്‍ സ്ഥാപിച്ചിരിക്കുന്ന പിതാവ് കിം ജോങ് ഇലിന്റെയും, മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെയും പ്രതിമകള്‍ക്ക് സമീപം വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ട നടപടിയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ മാത്രമെ ഇവിടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാടുള്ളു. ഒപ്പം, ഡ്രൈവര്‍മാര്‍ പ്രതിമകള്‍ക്ക് മുമ്പില്‍ നിര്‍ബന്ധമായും ആദരം അര്‍പ്പിക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി വന്‍ പൊലീസ് സന്നാഹമാണ് ഇവിടെയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.