അസാധാരണ ശോഭയിൽ തിളങ്ങി ഏറ്റവും പഴയ ഗാലക്സികൾ; ജെയിംസ് വെബിന്റെ പുത്തൻ കണ്ടുപിടുത്തം

അസാധാരണ ശോഭയിൽ തിളങ്ങി ഏറ്റവും പഴയ ഗാലക്സികൾ; ജെയിംസ് വെബിന്റെ പുത്തൻ കണ്ടുപിടുത്തം

ഗ്രീൻ ബെൽറ്റ്: നാസയുടെ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയതും വിദൂരവുമായ രണ്ട് ഗാലക്സികൾ കണ്ടെത്തി. മഹാവിസ്ഫോടനത്തിന് 350 മില്യൺ വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ടു എന്ന് കരുതുന്ന ആദ്യകാല ഗാലക്സികളെയാണ് കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി.

അസാധാരണമാംവിധം പ്രകാശിക്കുന്ന രണ്ട് ഗാലക്സികളെ ദൂരദർശിനി തിരിച്ചറിഞ്ഞതായാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. ഗാലക്സികളിൽ ഒന്ന് മഹാവിസ്ഫോടനത്തിന് 350 മില്ലിയൻ വർഷങ്ങൾക്ക് ശേഷമുള്ളതാണെങ്കിൽ മറ്റൊന്ന് 450 മില്യൺ വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ടുവെന്നാണ് കരുതുന്നത്.


ഏകദേശം1382 കോടി വർഷങ്ങൾ‍ക്ക് മുൻപ് നടന്ന മഹാവിസ്ഫോടനത്തിന് ശേഷം ഒരുപക്ഷേ രണ്ട് ദശലക്ഷം വർഷങ്ങൾക്കുള്ളിൽ നക്ഷത്രങ്ങൾ രൂപപ്പെട്ടിരിക്കാമെന്നാണ് ഹബിളിന്റെ പിൻഗാമിയായി കഴിഞ്ഞ ഡിസംബറിൽ വിക്ഷേപിച്ച ജെയിംസ് വെബ് ദൂരദർശിനിയുടെ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.
പ്രപഞ്ചത്തിന്റെ സൃഷ്ടിയോട് അടുത്ത് 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഗാലക്സികൾ കണ്ടെത്തിയതായി ചില ഗവേഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്.

ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ രോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘം ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ വെബ്ബിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകൾ വിശദമായി വിവരിച്ചിട്ടുണ്ട്.

പ്രപഞ്ചം രൂപം കൊണ്ട് 400 മില്യൺ വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ട ഗാലക്സിയായിരുന്നു ഇതുവരെ തിരിച്ചറിഞ്ഞതിൽവെച്ച് ഏറ്റവും പഴക്കമേറിയ ഗാലക്സി എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. എന്നാൽ ആ റെക്കോർഡാണ് ഇപ്പോൾ മറികടക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനിയാണ് ഈ ഗാലക്സിയെ തിരിച്ചറിഞ്ഞത്.

അതേസമയം പുതിയ റെക്കോർഡ് ഉടമയെ ഉറപ്പിച്ചു പറയും മുമ്പ് വെബ്ബിന്റെ ഇൻഫ്രാറെഡിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണെന്ന് നായിഡു പറഞ്ഞു.

ഇത് വളരെ നിർണായകമായ സമയമാണെന്ന് ലേഖനത്തിന്റെ സഹ രചയിതാവായ സാന്താക്രൂസ്, കാലിഫോർണിയ സർവകലാശാലയിലെ ഗാർത്ത് ഇല്ലിംഗ്വർത്ത് എന്നിവർ പറഞ്ഞു. പണ്ടുണ്ടായിരുന്ന ഗാലക്സികളെ കുറിച്ച് നിരവധി ഗവേഷകർ വിവിധ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയിൽ ഏതാണ് സ്ഥിരീകരിക്കാൻ സാധ്യതയുള്ളതെന്ന് കണ്ടെത്താൻ ഒരുമിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.

അതേസമയം മഹാവിസ്ഫോടനത്തിന് ശേഷം 350 മില്യൺ വർഷങ്ങൾക്കിപ്പുറം രൂപം കൊണ്ട ഗാലക്സിയെ കുറിച്ച് ഇതുവരെ ജെയിംസ് വെബ് നൽകിയ തെളിവുകൾ വളരെ ശക്തവും വ്യക്തവുമാണെന്ന് ദൂരദർശിനിയുടെ ആദ്യകാല റിലീസ് സയൻസ് പ്രോഗ്രാമിന്റെ മുഖ്യ ശാസ്ത്രജ്ഞനായ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ടോമാസോ ട്രൂ പറഞ്ഞു.

ഇപ്പോഴുള്ള കണ്ടെത്തലുകൾ സ്ഥിരീകരിക്കുകയും കൂടുതൽ ആദ്യകാല ഗാലക്സികളെ കുറിച്ച് സൂചനകൾ ലഭിക്കുകയും ചെയ്താൽ പ്രഞ്ചത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ച മഹാവിസ്ഫോടനത്തിന്റെ തൊട്ടടുത്ത് വരെ എത്തുന്നതിൽ ലോകം വിജയം നേടുമെന്നും റായിഡുവും സംഘവും വിശദീകരിച്ചു. ആദ്യ ഗാലക്സികൾ എപ്പോൾ, എങ്ങനെ രൂപപ്പെട്ടു എന്നത് ഏറ്റവും കൗതുകകരമായ ചോദ്യങ്ങളിൽ ഒന്നാണെന്നും ഗവേഷകർ പറയുന്നു.

എന്താണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി?

2021 ഡിസംബർ 25-ന് വിക്ഷേപിച്ച 10 ബില്യൺ ഡോളറിന്റെ ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി(JWST). ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ (930,000 മൈൽ) വിദൂരത്തിരുന്നാണ് ജെയിംസ് വെബ് പ്രപചഞ്ചത്തെ നിരീക്ഷിച്ച് അദ്ഭുത ലോകത്തെ ദൃശ്യങ്ങൾ പകർത്തുന്നത്. ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏകദേശം മൂന്ന് പതിറ്റാണ്ടുകളും സമയമെടുത്താണ് നിർമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.