തിരുവനന്തപുരം: ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നാണ് കെപിസിസിയുടെ കര്‍ശന നിര്‍ദ്ദേശം. സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശശി തരൂര്‍ സമുന്നതനായ നേതാവാണ്. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എല്ലാ അവകാശമുണ്ട്. തരൂരിന് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ല. പൊതു പരിപാടികളില്‍ നിന്ന് തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റു വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ പോര്‍ മുഖത്താണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കഷ്ടപ്പെടുന്ന നേതാക്കള്‍ മോശക്കാരാണെന്ന രീതിയിലുള്ള പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. പാര്‍ട്ടിയിലെ ഐക്യത്തെ തുരങ്കം വയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.