കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ ഹൈകോടതിയില്‍ ഉറപ്പ് നല്‍കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് സമരക്കാര്‍ എന്നതിനാല്‍ ബലപ്രയോഗത്തിന് പരിമിതിയുണ്ടെന്ന സര്‍ക്കാര്‍ നിലപാട് സമരക്കാര്‍ തുറുപ്പു ചീട്ടാക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് കമ്പനിയും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
വലിയ വാഹനങ്ങള്‍ തടയില്ലെന്ന സമരക്കാരുടെ ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി നവംബര്‍ 28 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നിര്‍മാണം നിലച്ചിട്ട് നൂറു ദിവസങ്ങള്‍ പിന്നിട്ടു.
പന്തല്‍ പോലും നീക്കം ചെയ്യാതെ സമരക്കാര്‍ റോഡില്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പദ്ധതി പ്രദേശത്തെ യഥാര്‍ഥ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ പോകാന്‍ തടസമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. സമരം പരിധി വിട്ടാല്‍ കര്‍ശന നടപടിക്ക് പൊലീസിനും കോടതിക്കും കഴിവില്ലെന്ന് തെറ്റിദ്ധരിക്കരുത്. തുറമുഖ നിര്‍മാണം തടസപ്പെടുത്താനോ വാഹനങ്ങള്‍ തടയാനോ മുതിരരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.