പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂര്‍ മുഖ്യ പ്രഭാഷകന്‍; കെ.സുധാകരനും വി.ഡി സതീശനും പങ്കെടുക്കും

പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂര്‍ മുഖ്യ പ്രഭാഷകന്‍; കെ.സുധാകരനും വി.ഡി സതീശനും പങ്കെടുക്കും

തിരുവനന്തപുരം: ശശി തരൂരിന്റെ പര്യടന പരിപാടികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തരൂരിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും.

ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന പ്രൊഫണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കോണ്‍ക്ലേവിലാണ് മൂന്ന് നേതാക്കളും ഒരേ വേദിയിലെത്തുന്നത്. ഡോ. എസ്.എസ് ലാലും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും മുഖ്യ സംഘാടകരായിട്ടുള്ള കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷകനായാണ് തരൂര്‍ എത്തുന്നത്.

കോണ്‍ക്ലേവിന്റെ ഉദ്ഘാടനം കെ.സുധാകരനും ലീഡേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം വി.ഡി സതീശനും നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി. തരൂര്‍ അനുകൂലിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥനും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടിയിലെ ഔദ്യാേഗിക വിഭാഗത്തിന്റെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുമ്പോഴും തരൂര്‍ നടത്തിയ മലബാര്‍ പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. പാര്‍ട്ടിയിലെ എ വിഭാഗത്തിന്റെ വ്യക്തമായ പിന്തുണ ഇപ്പോള്‍ തരൂരിനുണ്ട്. മലബാര്‍ പര്യടനത്തിനു ശേഷം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി സമര വേദയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന പ്രധാന സമരത്തില്‍ തരൂര്‍ ശ്രദ്ധിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അതിന് മറുപടിയെന്ന നിലയിലാണ് കോര്‍പ്പറേഷന് മുന്നിലെ സമര വേദയില്‍ അദ്ദേഹം എത്തിയത്. മലബാര്‍ പര്യടനത്തിന് സമാനമായി മറ്റു ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കാനാണ് തരൂര്‍ അനുകൂലികളുടെ നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നാനുള്ള തരൂരിന്റെ നീക്കം മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഔദ്യോഗിക പക്ഷം ഭയക്കുന്നത്. ഈ നീക്കത്തെ മുളയിലേ നുള്ളാനാണ് അവരുടെ ശ്രമം. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നുമാണ് തരൂര്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒന്നും പറയാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.

അതിനിടെ തരൂരിന്റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്നാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ പ്രതികരണം. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കരുതലോടെയാണ് ഹൈക്കമാന്‍ഡും നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.