ഗോള്‍ വരള്‍ച്ചയില്‍ വലഞ്ഞ ഇംഗ്ലണ്ട്-അമേരിക്ക മത്സരം

ഗോള്‍ വരള്‍ച്ചയില്‍ വലഞ്ഞ ഇംഗ്ലണ്ട്-അമേരിക്ക മത്സരം

ഇറാനെതിരെ ഗോള്‍ വർഷം ചൊരിഞ്ഞ ഇംഗ്ലണ്ട് ടീം അമേരിക്കയെ നേരിട്ടപ്പോള്‍ കടന്നു പോയത് കടുത്ത ഗോള്‍ വരള്‍ച്ചയിലൂടെ. അല്‍ ബയാത്ത് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ഇംഗ്ലീഷുകാർ തേടിയത് ഇറാനെതിരെ ഗോളുകള്‍ കൊണ്ട് ആറാട്ട് നടത്തിയ ഇംഗ്ലണ്ടിനെയാണ്.എന്നാല്‍ യുഎസ്എ ഉയർത്തിയ കനത്ത വെല്ലുവിളി അതിജീവിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഹാരി കെയ്നും ഹാരി മക്വെയറും സ്റ്റെർലിംഗുമൊക്കെയടങ്ങുന്ന ശക്തമായ ഇംഗ്ലീഷ് താരനിരയെ നിഷ്പ്രഭരാക്കി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചായിരുന്നു.

കഴിഞ്ഞ മൂന്ന് ലോക കപ്പ് മത്സരങ്ങളിലും ഇംഗ്ലണ്ടിനോട് പരാജയപ്പെടാതെ മത്സരം അവസാനിപ്പിക്കാന്‍ യുഎസിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ഇത്തവണ ആക്രമണ ഫുട്ബോള്‍ തന്നെയായിരുന്നു ലക്ഷ്യമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ സൗത്ത് ഗേറ്റ് പ്രഖ്യാപിച്ചത് ടീം അംഗങ്ങള്‍ ഇറാനുമായുളള മത്സരത്തില്‍ സഫലമാക്കി. എന്നാല്‍ യുഎസ്എ യുമായുളള മത്സരത്തില്‍ ആക്രമണമുണ്ടായിരുന്നുവെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. യുഎസ്എ യുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞുവെന്ന് വിലയിരുത്താം. എന്നാല്‍ പുലിസിച്ചിന്‍റെ ഷോട്ട് ഗോളാകാതിരുന്നത് ഇംഗ്ലീഷ് പ്രതിരോധത്തിന്‍റെ മികവുകൊണ്ടല്ല മറിച്ച് യുഎസ്എ യുടെ ദൗർഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

മത്സരഫലം സൂചിപ്പിക്കുന്നതുപോലെ ആക്രമണ രഹിതമായ മത്സരമായിരുന്നില്ല ഇത്. ആദ്യപകുതിയില്‍ ഇംഗ്ലണ്ടാണ് ആധിപത്യം പുലർത്തിയത്. പന്ത് കൈവശം വയ്ക്കുന്ന കാര്യത്തിലും പന്തടക്കത്തിലും ഇംഗ്ലണ്ട് മികവ് കാണിച്ചു. ഈ ലോക കപ്പിലെ മറ്റ് ചില മത്സരങ്ങളില്‍ എന്ന പോലെ രണ്ടാം പകുതിയില്‍ തന്ത്രങ്ങള്‍ മാറ്റുന്ന യുഎസ്എ യെയാണ് കണ്ടത്. തുടർച്ചയായ ആക്രമണങ്ങള്‍ ഇംഗ്ലീഷ് ഗോള്‍ മുഖത്ത് നടത്താന്‍ യുഎസ്എ യ്ക്ക് സാധിച്ചു. പേരുകേട്ട ഇംഗ്ലീഷ് കളിക്കാരെ ഫലപ്രദമായി തടയാന്‍ യുഎസ്എ യ്ക്ക് സാധിച്ചപ്പോള്‍ പുലിസിച്ചിനെപ്പോലെയുളള കളിക്കാരുടെ അപ്രതീക്ഷിത നീക്കങ്ങള്‍ ഇംഗ്ലീഷ് പ്രതിരോധ മതിലില്‍ വിളളലുകള്‍ തീർത്തു.

സമീപ കാലത്ത് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച ടീമാണ് യുഎസ്എ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെയോ ലാലിഗ പോലെയോ ശക്തമായ മത്സരങ്ങള്‍ നടക്കുന്ന ലീഗുകള്‍ ഇല്ലാത്തതുകൊണ്ട് യുഎസ്എ ആഭ്യന്തരമായി കൈവരിച്ച മികവ് മറ്റ് ഭൂഖണ്ഡങ്ങളില്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുളളതാണ് യഥാർത്ഥ്യം. പുലിസിച്ച് എന്ന കളിക്കാരന്‍ തന്നെ ഉദാഹരണം. ഇംഗ്ലീഷ് പ്രീമിയർ
ലീഗിലെ ചെല്‍സിയുടെ താരമാണ് പുലിസിച്ച് എന്ന 24 കാരന്‍. ആറ് യുഎസ്എ താരങ്ങള്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കളിക്കുന്നുണ്ട്. ഏകദേശം 30 അമേരിക്കന്‍ ഫുട്ബോളർമാർ വിദേശ രാജ്യങ്ങളിലെ ഫുട്ബോള്‍ ക്ലബുകളില്‍ കളിക്കുന്നുണ്ടെന്നാണ് കണക്ക്. വിദേശ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നവരുടെ എണ്ണം ഇനി കൂടുകയേ ഉളളൂ.

ഇപ്പോഴും ഫുട്ബോള്‍ അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ സ്പോർട് അല്ല. ബേസ്ബോളും ബാസ്കറ്റ് ബോളുമെല്ലാം കഴിഞ്ഞിട്ടേ അമേരിക്കന്‍ ജനതയുടെ മനസില്‍ കാല്‍പ്പന്തിന് സ്ഥാനമുള്ളു. ലോക കപ്പ് പോലെയുളള മഹാവേദികളില്‍ യുഎസ്എ യുടെ കാല്‍പ്പന്തു കളിക്കാരുടെ സംഘം പുറത്തെടുക്കുന്ന വീരോചിതമായ കളി മികവ് മൂലം ഈ അവസ്ഥയ്ക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് 2026 ലെ ലോക കപ്പ് ഫുട്ബോളിന് കാനഡയ്ക്കും മെക്സിക്കോക്കുമൊപ്പം അമേരിക്കയും ആതിഥ്യം വഹിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യം സ്ഥിരതയാണ്. അമേരിക്കയുടെ സ്ഥിരതയില്ലായ്മയാണ് പല ലോക കപ്പ് ചാമ്പ്യന്‍ഷിപ്പിലും അവർ പുറത്താകാന്‍ കാരണമായത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡീ റൂസ് വെല്‍റ്റിന്‍റെ മുന്നില്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍റ് ചർച്ചില്‍ പറഞ്ഞതുപോലെ അമേരിക്കക്ക് മുന്നില്‍ മറച്ചുവയ്ക്കാന്‍ ഇംഗ്ലണ്ടിന് യാതൊന്നുമുണ്ടായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.