തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം നഷ്ടം ഉണ്ടായതായി അദാനി ഗ്രൂപ്പ് അവകാശപ്പെടുന്ന 200 കോടി രൂപ ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള നീക്കവുമായി സർക്കാർ. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം നിർമാണക്കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന.
അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ ഈ നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിൽ നഷ്ടം ഉണ്ടായെന്നു നിർമാണ കമ്പനി സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം സമരവുമായി മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനത്തിലാണ് ലത്തീൻ അതിരൂപതയും. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനുള്ള അറിയിപ്പ് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്നാണ് സർക്കുലറിൽ കുറ്റപ്പെടുത്തുന്നത്.
ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
ഉപരോധ സമരം ഇന്ന് 104ാം ദിവസത്തിലേക്ക് കടന്നു. സമരം നടക്കുന്ന ഓരോ ദിവസവും രണ്ടു കോടി രൂപ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞിരുന്നു. ഇത് വലിയ പ്രശ്നങ്ങളിലേക്കാണ് എത്തിച്ചത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടി. കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.
എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.
പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണം ഒരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.