കൊല്ലം: കിളികൊല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരെ വെള്ളപൂശി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മര്‍ദ്ദനമേറ്റത് പൊലീസ് സ്റ്റേഷനിലാണെന്ന് റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുമുണ്ട്.
സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് മര്‍ദ്ദിച്ചു എന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത് എങ്കിലും ഇതിന് തെളിവുകളില്ല. സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് മറ്റൊരു സ്ഥലത്തുവെച്ച് വിഘ്നേഷും വിഷ്ണുവും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസുകാര്‍ പറയുന്നത്.
ശരീരത്തില്‍ കണ്ട പാടുകള്‍ അതിന്റെയാണെന്നും പറയുന്നു. എന്നാല്‍ പുറത്തുവെച്ച് മര്‍ദ്ദനമേറ്റതിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവ സമയം സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയ ആളോട് ഇതേപ്പറ്റി അന്വേഷിച്ചിരുന്നു. എന്നാല്‍ മര്‍ദ്ദനമേല്‍ക്കുന്നത് കണ്ടില്ലെന്നാണ് ഇയാളും മൊഴി നല്‍കിയതെന്നാണ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
സംഭവത്തിന്റെ ആദ്യഘട്ടം മുതല്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.