'ഹലാല്‍ ആട് കച്ചവടം... വെയ് രാജ വെയ്': നിക്ഷേപരെ പറ്റിച്ച് മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്; പരാതി പ്രവാഹം

 'ഹലാല്‍ ആട് കച്ചവടം... വെയ് രാജ വെയ്':  നിക്ഷേപരെ പറ്റിച്ച് മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്; പരാതി  പ്രവാഹം

മലപ്പുറം: ഹലാല്‍ ആട് കച്ചവടം എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ പരാതിയുമായി നിക്ഷേപകര്‍. മുജാഹിദ് പണ്ഡിതന്‍ കെ.വി അബ്ദുല്‍ ലത്തീഫ് മൗലവിയുടെ മകന്‍ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവര്‍ക്കെതിരെയാണ് നിക്ഷേപകര്‍ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും.

നിക്ഷേപകര്‍ പറയുന്നത്:


പ്രസ്ഥാനം 2015 മുതല്‍ ഉണ്ടെങ്കിലും 2019 ഓടെയാണ് ഹലാല്‍ ആട് കച്ചവടം എന്ന പരിപാടി സജീവമാകുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആടുകളെ മൊത്തമായി കൊണ്ടു വന്ന് വില്‍പന നടത്തുകയാണ് പദ്ധതി. മത വിശ്വാസ പ്രകാരം തികച്ചും ഹലാല്‍ ആയ നിക്ഷേപം ആണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചരണം.

അയ്യായിരം രൂപ ആണ് ഒരു ഷെയറിന്റെ വില. ഒരാള്‍ക്ക് എത്ര ഷെയര്‍ വേണമെങ്കിലും എടുക്കാം. ഷെയര്‍ ഒന്നിന് ലാഭ വിഹിതമായി മാസം 300 മുതല്‍ 500 രൂപ വരെ ലഭിക്കും. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കുകയും ചെയ്യാം എന്നായിരുന്നു ഓഫര്‍.

മലപ്പുറം ജില്ലയിലെ അരീക്കോട് വേഴക്കോട് ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ ഫാമും ഇവര്‍ തുടങ്ങിയിരുന്നു. മത വിശ്വാസത്തെ കൂട്ട് പിടിച്ചായിരുന്നു തട്ടിപ്പ് എന്ന് നിക്ഷേപകര്‍ പറയുന്നു. സലീഖിന്റെ പിതാവ് പ്രമുഖനായ മത പണ്ഡിതനായതും വിശ്വാസികളായ നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിച്ചു.

''ഇത് ഹലാല്‍ ആയതാണെന്ന് പറഞ്ഞാണ് ഞങ്ങളെയെല്ലാം വിശ്വസിപ്പിച്ചത്. പിന്നെ ലത്തീഫ് മൗലവിയുടെ മകനും കൂടി ആയതോടെ ഞങ്ങളെല്ലാം ഇതില്‍ ചേരുകയായിരുന്നു. ആദ്യമൊക്കെ ലാഭ വിഹിതം എല്ലാം കിട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ രണ്ട് മൂന്ന് മാസമായി ഒന്നും ലഭിക്കുന്നില്ല'- നിക്ഷേപകരില്‍ ഒരാള്‍ പറഞ്ഞു.

ഇപ്പോള്‍ ലാഭ വിഹിതവും ഇല്ല, നിക്ഷേപിച്ച പണവും ഇല്ല, നിക്ഷേപം സ്വീകരിച്ച ആളുകളെ പറ്റി ഒരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപക കൂട്ടായ്മ സംയുക്തമായി പോലീസിനെ സമീപിച്ചത്. 134 പേരാണ് എസ്പിക്ക് പരാതി നല്‍കാന്‍ എത്തിയത്. ഇവരില്‍ പലരും വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.

നേരിട്ടും വാട്ട്‌സ്ആപ്പ് വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ആയിരുന്നു പ്രചരണം. പണം നല്‍കിയതിന്റെ ബാങ്ക് രേഖകളും മുദ്രക്കടലാസും എല്ലാം ഇവരുടെ പക്കലുണ്ട്. ബാങ്കില്‍ നിന്നും കോടികള്‍ പിന്‍വലിച്ച് ഇവര്‍ നാട് വിട്ടു എന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ പറയുന്നത്. സലീഖിന്റേയും റിയാസ് ബാബുവിന്റേയും കുടുംബത്തെ സമീപിക്കുമ്പോള്‍ അവരും ഒഴിഞ്ഞു മാറുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.