തിരുവനന്തപുരം: ശനിയാഴ്ച്ച മുതല്‍ അശാന്തമായ വിഴിഞ്ഞം സമര മേഖലയില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം അതീവ ജാഗ്രതയിലാണ്. പൊലീസ് സ്റ്റേഷന്‍, സമര പന്തല്‍ അടക്കമുളള സ്ഥലങ്ങളില്‍ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. ആര്‍ച്ച്ബിഷപ്പിനെ ഉള്‍പ്പടെ പ്രതിചേര്‍ത്ത് കേസെടുത്തതില്‍ കടുത്ത അമര്‍ശത്തിലാണ് അതിരൂപതയും മത്സ്യത്തൊഴിലാളികളും. അതിന്റെ വൈകാരികമായ ശക്തിപ്രകടനം ഇന്നലെ വിഴിഞ്ഞം പൊലീസ്‌സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. കെസിബിസി ഉള്‍പ്പടെ പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ജനവികാരം മാനിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
മസങ്ങളായി തുടരുന്ന സമരത്തില്‍ ഏറ്റവും സംഘര്‍ഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താന്‍ ആയിട്ടില്ല. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ഉച്ചയ്ക്ക് ആണ് യോഗം. മന്ത്രിമാരേയും യോഗത്തിനെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് മുന്നോടിയായി രാവിലെ 8.30 ന് തീരവാസികളുമായും 10.30 ന് അതിരൂപത പ്രതിനിധികളുമായും ചര്‍ച്ചയുണ്ട്.
ശനിയാഴ്ച്ചത്തെ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ സമര നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്കെത്തിയതാണ് ഇന്നലെയുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ സമരക്കാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു.
വൈദികര്‍ ഉള്‍പ്പെടെ മുപ്പതോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി സമരസമിതി അറിയിച്ചു. തലയ്ക്കുപരിക്കേറ്റ വിഴിഞ്ഞം ഇടവക വികാരി ഫാ. മെല്‍ക്കോണ്‍, പാളയം സഹ വികാരി ഫാ. കാര്‍വിന്‍ എന്നിവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ കേസെടുത്തു.
അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതി നേതൃത്വവുമായി ചര്‍ച്ച നടത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജ്, ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെല്‍റ്റനെ റിമാന്‍ഡും ചെയ്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിഷേധക്കാരില്‍നിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.