മേയറുടെ കത്ത് വിവാദം: വിജിലന്‍സിന് കൈവിലങ്ങ്; അന്വേഷണം അവസാനിപ്പിക്കുന്നു

മേയറുടെ കത്ത് വിവാദം: വിജിലന്‍സിന് കൈവിലങ്ങ്; അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കോര്‍പ്പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്. കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ വിജിലന്‍സിനു കഴിഞ്ഞിരുന്നില്ല. ഇതോടെ മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെ അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് നീക്കം.

കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ താന്‍ കത്തെഴുതിയിട്ടില്ലെന്നാണ് മേയറുടെ മൊഴി. കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. 

കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഈ വിഷയങ്ങള്‍ വരില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാര്‍ നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്ന് റിപ്പോര്‍ടട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

കത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാര്‍ പരാതിയില്‍ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുന്‍വര്‍ഷങ്ങളെ നിയമനങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലന്‍സ് വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.