എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പതിവ് കേരളത്തിലേക്ക് പടരുന്നു ; സഭ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം: മാര്‍ ജോസഫ് പാംപ്ലാനി

എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പതിവ് കേരളത്തിലേക്ക് പടരുന്നു ; സഭ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം: മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന പതിവ് കേരളത്തിലേക്ക് പടരുന്നതില്‍ ആശങ്കയുണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സഭ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന പുനരധിവാസ പാക്കേജ് മരീചികയായി നിലകൊള്ളുന്നു. അതിനൊരു പരിഹാരം ഉണ്ടാകണമെന്ന് അവര്‍ ന്യായമായി ആവശ്യപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ പലരും ഇപ്പോഴും പ്ലാസ്റ്റിക് വിരുപ്പുകളുടെ കീഴില്‍, തികച്ചും അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്.

പോര്‍ട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തില്‍ പ്രായോഗികമാണെന്ന് കരുതുന്നില്ല. ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ വിരുദ്ധമായ ലക്ഷ്യം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്. പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാല്‍ ഒരു കാലത്തും പുനരധിവാസം നടക്കില്ല.

ലത്തീന്‍ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകള്‍ തമ്മില്‍ അകല്‍ച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് സമരത്തെ ദുര്‍ബലമാക്കുന്നതിന് സമാനമാണ്.
മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫാദര്‍ തിയോഡേഷ്യസിന്റെ വര്‍ഗീയ പരാമര്‍ശത്തെ തലശേരി ആര്‍ച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. സമരത്തില്‍ നിന്ന് ശ്രദ്ധ മാറിപ്പോകും. തെറ്റ് ഏറ്റ് പറഞ്ഞ സ്ഥിതിക്ക് വിഷയം അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിയമപരമായി നീങ്ങണം. അതിന്റെ പേരില്‍ വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കരുതെന്നും ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.