'അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുത്'; കോവിഡ് കാലത്തെ അഴിമതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുത്'; കോവിഡ് കാലത്തെ അഴിമതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിപിഇ കിറ്റും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേ മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍, ജസ്റ്റീസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അഴിമതിയുണ്ടെന്ന ആരോപണത്തില്‍ കെ.കെ. ശൈലജയ്ക്കും മറ്റുള്ളവര്‍ക്കും എതിരെയുള്ള അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കെ.കെ. ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പരാതിയിലെ ആരോപണങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാനുള്ള വിവേചന അധികാരം ലോകായുക്തയ്ക്കുണ്ടെന്ന നിരീക്ഷണത്തോടെയാണ് അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന പരാമര്‍ശം ഹൈക്കോടതി നടത്തിയത്. 

കോവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം വന്നതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേരോട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തള്ളിയത്. 

ദുരന്തനിവാരണ നിയമ പ്രകാരമാണ് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ നല്‍കിയതെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ഹര്‍ജി ഭാഗം വാദിച്ചു. അഴിമതി ആരോപിച്ചുള്ള അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. കിറ്റ് ലഭ്യമാകുന്നതിനു മുമ്പ് തന്നെ ഒന്‍പത് കോടി രൂപ അനുവദിച്ചിരുന്നുവെന്നും വേണ്ടത്ര സൂക്ഷമതയോടെയല്ല മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതെന്നും പരാതിയില്‍ വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

450 രൂപയ്ക്ക് ലഭിക്കേണ്ട പിപിഇ കിറ്റ് 1500 രൂപയ്ക്കാ വാങ്ങിയെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കെ.എം.എ.എസ്.സി.എല്ലുമായി ചേര്‍ന്നു അഴിമതി നടത്തി. സാഹചര്യം മുതലെടുത്ത് കോവിഡ് കാലത്ത് അമിതമായ വില ഈടാക്കി അഴിമതി നടത്തിയെന്നും ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.