'മതപരമായ എല്ലാ ആഘോഷങ്ങളും കലാപ കാരണമായി ചിത്രീകരിക്കുന്നതെന്തിന്'; മത ഘോഷയാത്രകള്‍ നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

'മതപരമായ എല്ലാ ആഘോഷങ്ങളും കലാപ കാരണമായി ചിത്രീകരിക്കുന്നതെന്തിന്'; മത ഘോഷയാത്രകള്‍ നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മതപരമായ ഘോഷയാത്രകള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മതപരമായ ഘോഷയാത്രകള്‍ വര്‍ഗീയ കലാപത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മതപരമായ ഘോഷയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഹര്‍ജിയുമായി എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാനങ്ങളുടെ കീഴിലുള്ളതാണ് ക്രമസമാധാന പരിപാലനം. ഈ കാര്യത്തിലേക്ക് സുപ്രീം കോടതിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് എന്‍ജിഒയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് വാദിച്ചു. താന്‍ തന്നെ ഈ അന്വേഷണ കമ്മീഷനുകളില്‍ ഇരുന്നിട്ടുണ്ട്. ഇത്തരം ഘോഷ യാത്രകള്‍ക്ക് എങ്ങനെയാണ് അനുമതികള്‍ നല്‍കേണ്ടത് എന്നതില്‍ മാര്‍ഗ നിര്‍ദേശം അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ എടുത്താണ് ഇന്ന് മതപരമായ ആഘോഷ വേളകളിലെ ഘോഷയാത്രകള്‍ നടക്കുന്നതെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ ഘോഷയാത്ര നടക്കുന്നെങ്കില്‍ അതിന് അനുമതി നല്‍കുന്നത് തെറ്റാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് സിജെഐ പറഞ്ഞത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് സിജെഐ വാദിച്ചു.

മത ഘോഷയാത്രകള്‍ മൂലം വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയാണെന്നും അധികാരികള്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സിങ് കോടതിയില്‍ വ്യക്തമാക്കി. മതപരമായ ഘോഷയാത്രകളില്‍ കലാപ പരമ്പരകള്‍ ഉണ്ടാകുന്നുവെന്നും അഭിഭാഷകന്‍ സി.യു സിങ് പറഞ്ഞു.

എല്ലാ മതപരമായ ആഘോഷങ്ങളും കലാപങ്ങളുടെ കാരണമായി നമ്മള്‍ എപ്പോഴും ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. നാട്ടില്‍ ഇത്തരം ആഘോഷങ്ങള്‍ ഉണ്ടാക്കുന്ന നന്മകളും പരിഗണിക്കണം. ഗണേശ പൂജയ്ക്കിടെ ലക്ഷങ്ങള്‍ ഒത്തുകൂടുന്നുണ്ടെങ്കിലും കലാപങ്ങളൊന്നും നടക്കാത്ത മഹാരാഷ്ട്രയിലെ ഉദാഹരണം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

രാജ്യം വൈവിധ്യപൂര്‍ണ്ണമാണെന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഒരു ഭാഗത്തെ അവസ്ഥയെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.