ബൈബൈ ബ്രസീല്‍, സെമിയിലേക്ക് വാ മോസ് അർജന്‍റീന

ബൈബൈ ബ്രസീല്‍, സെമിയിലേക്ക് വാ മോസ് അർജന്‍റീന

ആദ്യ രണ്ട് ക്വാ‍ർട്ടർ ഫൈനലുകളിലും പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ ഫലം നിശ്ചയിച്ച് ഖത്തർ ലോകകപ്പ് ആവേശത്തിന്‍റേയും അനിശ്ചിതത്വത്തിന്‍റേയും പരകോടിയിലേക്ക്. ഇന്നലെ നടന്ന ആദ്യ ക്വാർട്ടറില്‍ ക്രൊയേഷ്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രസീലിനെ മറികടന്നു. രണ്ടാം ക്വാർട്ടറില്‍ നെതർലന്‍റ്സിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അർജന്‍റീന പരാജയപ്പെടുത്തിയത്.

ലോകമെങ്ങും ഏറ്റവും കൂടുതല്‍ ആരാധകരുളള ബ്രസീലിന്‍റെ പരാജയം അപ്രതീക്ഷിതമായിരുന്നു. ക്രൊയേഷ്യ ബ്രസീലിന് ഒരു എതിരാളി പോലുമല്ലെന്ന വ്യാഖ്യാനങ്ങളായിരുന്നു മത്സരത്തിനു മുന്‍പ് പ്രബലമായിരുന്നത്. എന്നാല്‍ അത് ക്രൊയേഷ്യന്‍ താരങ്ങള്‍ മുഖവിലയ്ക്ക് എടുത്തില്ല എന്നുളളതാണ് അവർ മൈതാനത്ത് നടത്തിയ പോരാട്ടങ്ങള്‍ തെളിയിക്കുന്നത്. ഈ രണ്ട് ടീമുകളും ക്വാർട്ടർ വരെയെത്തിയ രീതി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. താരതമ്യേന ദുർബലരായ എതിരാളികളെ വലിയ മാർജിനില്‍ പരാജയപ്പെടുത്തിയാണ് ബ്രസീലിന്‍റെ വരവെങ്കില്‍ ശക്തരായ എതിരാളികളെ കടുത്ത മത്സരത്തിലൂടെ അതിജീവിച്ചാണ് ക്രൊയേഷ്യ എത്തിയത്. (കാമറൂണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോല്‍പിച്ചത് ഇവിടെ പരിഗണിക്കുന്നില്ല). എന്നുവച്ചാല്‍ ബ്രസീല്‍ ടീമിന്‍റെ ആക്രമണ ശക്തിയും പ്രതിരോധ മികവും വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നുളളതാണ് യാഥാർത്ഥ്യം. വലിയ മാർജിനില്‍ ഉളള വിജയം ഏത് ടീമിനെതിരെയും ആവർത്തിക്കാമെന്ന ഒരു അമിത ആത്മവിശ്വാസം ഈ വിജയങ്ങള്‍ അവരില്‍ രൂപപ്പെടുത്തുകയും ചെയ്തു. ദക്ഷിണ കൊറിയക്ക് എതിരെയുളള പ്രീക്വാർട്ടറില്‍ ആദ്യ 29 മിനിറ്റുകള്‍ക്കുളളില്‍ നാല് ഗോളുകള്‍ നേടിയ ശേഷം മറ്റൊരു ഗോള്‍ നേടാന്‍ ബ്രസീലിന് സാധിച്ചില്ലെന്നുളള വസ്തുത ഈ കോളത്തില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയയാകട്ടെ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. അന്ന് അനാവൃതമായ പിഴവുകള്‍ പരിഹരിക്കാന്‍ ടിറ്റെയ്ക്ക് സാധിച്ചില്ലെന്നുളളതിന്‍റെ സാക്ഷ്യമാവുകയാണ് ഈ പരാജയം. ക്രൊയേഷ്യയാകട്ടെ ഓരോ മത്സരം കഴിയും തോറും കൂടുതല്‍ പോരാട്ടവീര്യവും അതിജീവന ശേഷിയും പ്രകടമാക്കുന്ന ടീമാണ്. 37 ആം വയസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നുവെന്നതില്‍ വീമ്പുപറയുന്ന ആരാധകർ ഒന്നോർക്കുക, അതേ പ്രായത്തില്‍ തന്നെയാണ് ലൂക്കാ മോട്രിച്ച് എന്ന ക്രൊയേഷ്യന്‍ നായകന്‍ മിഡ് ഫീല്‍ഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. എതിർപ്രതിരോധ നിലയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ഭാവനാ സമ്പന്നമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിയന്‍ താരങ്ങളുടെ കിക്കുകള്‍ തടുത്ത ഗോളി ഡൊമിനിക് ലിവാക്കോവിച്ചാണെങ്കിലും ക്രോട്ടുകളുടെ നായകനു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്‍റെ 106 ആം മിനിറ്റില്‍ നെയ്മർ നേടിയ ഉജ്ജ്വല ഗോളോടെ നേടിയ ലീഡ് നിലനിർത്താന്‍ സാധിക്കാതെ പോയതില്‍ ബ്രസീലിന് സ്വയം പഴിക്കുകയേ നിർവ്വാഹമുളളൂ. 117 ആം മിനിറ്റില്‍ ബ്രൂണോ ഹെറ്റ് കോവിച്ച് നേടിയ സമനില ഗോള്‍ ക്രൊയേഷ്യ എതിർ ഗോള്‍വല ലക്ഷ്യമാക്കി പായിച്ച ഏകഷോട്ടാണ് എന്നോർക്കണം. ഈ മത്സരത്തില്‍ നേടിയ ഗോളോടെ നെയ്മർ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്തർദ്ദേശീയ ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതിയില്‍ ഇതിഹാസ താരം പെലയ്ക്ക് ഒപ്പമെത്തി. 77 ഗോളുകള്‍. ടീം പരാജയപ്പെടുമ്പോള്‍ ഇത്തരം വ്യക്തിഗതനേട്ടങ്ങള്‍ക്ക് എന്തു പ്രസക്തി?

അനായാസം സെമിയില്‍ എന്ന് നിശ്ചയിച്ച് ഉറപ്പിച്ചിടത്തുനിന്നാണ് നെതർലന്‍റ്സിനെതിരെ അർജന്‍റീന അവസാന മിനിറ്റില്‍ സമനില വഴങ്ങിയതും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിച്ച് കയറിയതും. മെസി സ്പർശമുളള രണ്ട് ഗോളുകളിലൂടെ മത്സരത്തിന്‍റെ 83 ആം മിനിറ്റുവരെ അർജന്‍റീന മുന്നിലായിരുന്നു. ആദ്യ ഗോള്‍ മൊളീന നേടിയത് മെസിയുടെ അസിസ്റ്റിലൂടെയായിരുന്നുവെങ്കില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടിയത് മെസി തന്നെയാണ്. 83 ആം മിനിറ്റിലും 110 ആം മിനിറ്റിലും രണ്ട് ഗോളുകള്‍ മടക്കി നെതർലന്‍റ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് പകരക്കാരന്‍ വൗട്ട് വെഗ് ഹോസ്റ്റാണ്. അവസാന നിമിഷം വരെ ഗോള്‍ നേടുമെന്നൊരു പ്രതീക്ഷ ജനിപ്പിക്കാന്‍ നെതർലന്‍റ്സിന് സാധിച്ചു.

മുന്‍കാലങ്ങളില്‍ പലപ്പോഴും ജർമ്മനി നടത്തിയിട്ടുളള ഐതിഹാസികമായ തിരിച്ചുവരവുകളെ ഓർമ്മിപ്പിച്ചു നെതർലന്‍റ്സിന്‍റെ കടുത്ത പ്രത്യാക്രമണങ്ങള്‍. കോച്ച് ലൂയി വാന്‍ ഗാള്‍ നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകള്‍ ഗംഭീരമായിരുന്നു. വെഗ് ഹോസ്റ്റിന്‍റേയും സ്റ്റീവന്‍ വെർഹ്യൂസിന്‍റേയും സബ്സ്റ്റിറ്റ്യൂഷനുകള്‍ മത്സരത്തിന്‍റെ ഗതി നിർണയിച്ചു. അർജന്‍റീനയുടെ ആക്രമണ നീക്കങ്ങളെ ശാരീരിക ക്ഷമത കൊണ്ടും വേഗം കൊണ്ടും മറികടക്കാനാണ് നെതർലന്‍റ്സ് ശ്രമിച്ചത്. എന്നാലും രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷം അത് പ്രതിരോധിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് അ‍ർജന്‍റീനയുടെ പരിശീലകന്‍ ലിയോണല്‍ സ്കലോണി ആത്മ പരിശോധന നടത്തേണ്ടിവരും. സൗദി അറേബ്യയില്‍ നിന്നേറ്റ പരാജയം മറികടക്കാന്‍ സ്കലോണി അവലംബിച്ച തന്ത്രം ഫലം കണ്ടെങ്കിലും ലീഡ് നേടിയ ശേഷം ഗോള്‍ വഴങ്ങുന്ന തന്ത്രം മാറ്റിയില്ലെങ്കില്‍ സെമിയില്‍ കടുത്ത വെല്ലുവിളിയായിരിക്കും അർജന്‍റീന നേരിടേണ്ടി വരിക.നെതർലന്‍റ്സിന്‍റെ ആദ്യ രണ്ട് കിക്കുകള്‍ തടുത്ത ഗോളി എമിലിയാനോ മാർട്ടിനെസാണ് മത്സരത്തിലെ വീരനായകനെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മെസിയാണ്.

ഇതൊക്കെയാണെങ്കിലും മത്സരത്തിലെ റഫറിയിംഗിനെ കുറിച്ച് പരാമർശിക്കാതെ പോവുന്നതെങ്ങനെ. സ്പാനിഷ് റഫറി അന്‍റോണിയോ മാറ്റ്യൂ ആണ് മത്സരം നിയന്ത്രിച്ചത്. ലോകകപ്പ് പോലുളള ഒരു ടൂർണമെന്‍റില്‍ ഒരു റഫറി എങ്ങനെ ആയിരിക്കരുത് എന്നതിന്‍റെ ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ റഫറീയിംഗ് എന്നുപറയാം. മഞ്ഞക്കാർഡുകള്‍ മാത്രം പുറത്തെടുത്ത് മത്സരം നിയന്ത്രിക്കാമെന്ന അദ്ദേഹത്തിന്‍റെ മൗഢ്യം മത്സരത്തിന്‍റെ താളം നഷ്ടപ്പെടുത്തി. കളിക്കാർക്കെതിരെ മാത്രമല്ല കോച്ചിംഗ് സ്റ്റാഫിനു നേരെ പോലും അദ്ദേഹം കാർഡുയർത്തി. ഒരു റഫറി സ്വീകരിക്കേണ്ട മാന്യതയും തന്ത്രജ്ഞതയും നീതിബോധവും അദ്ദേഹം പുലർത്തിയില്ല എന്ന വിമർശനം വ്യാപകമാണ്. കളിക്കുകയെന്നതുപോലെ തന്നെ മത്സരം നിയന്ത്രിക്കുകയെന്നതും ഒരു സർഗ്ഗാത്മക പ്രവർത്തനമാണെന്ന് റഫറിമാർ മനസിലാക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.