മന്‍ഡ്രൂസ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ നാല് മരണം, വന്‍ നാശനഷ്ടം; വീടുകളും ബോട്ടുകളും ഉള്‍പ്പെടെ തകര്‍ന്നു

മന്‍ഡ്രൂസ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ നാല് മരണം, വന്‍ നാശനഷ്ടം; വീടുകളും ബോട്ടുകളും ഉള്‍പ്പെടെ തകര്‍ന്നു

ചെന്നൈ: മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് മരണം. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാലും പേരും മരിച്ചത്. ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിലടക്കം ശക്തമായ മഴ തുടരുകയാണ്. താഴ്ന്നയിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.

ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ചെന്നൈ നഗരത്തിലാകെ 400 മരങ്ങളാണ് കടപുഴകി വീണത്. വെള്ളം കയറിയതിനാല്‍ 15 സബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് പലയിടത്തും വൈദ്യുത ബന്ധം തകരാറിലാക്കി.

ഇന്നലെ രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മാന്‍ഡ്രൂസ് തീരം തൊട്ടത്.

മെറീന ബീച്ചില്‍ ദിവ്യാംഗര്‍ക്കായി സ്ഥാപിച്ചിരുന്ന റാംപ് കാറ്റില്‍ തകര്‍ന്നു. കഴിഞ്ഞ മാസം 27 നായിരുന്നു റാംപിന്റെ ഉദ്ഘാടനം. ഇതിന് പുറമേ നഗരത്തില്‍ പല ഭാഗങ്ങളിലെയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ വലിയ ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ മാത്രം 35 ഓളം മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസം ഉണ്ടായി.

ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതുവരെ ആളുകളോട് അനാവശ്യമായി പുറത്ത് ഇറങ്ങരുത് എന്നാണ് ഗ്രേറ്റര്‍ ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ടി നഗറില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു. മൂന്ന് കാറുകളാണ് തകര്‍ന്നത്. സംഭവ സമയം കാറുകള്‍ക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംസ്ഥാനത്ത് ഒട്ടാകെ 600 സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 200 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 9000 പേര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നല്‍കി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അധികൃതര്‍ നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്നതിനാല്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ചെങ്കല്‍പ്പേട്ട്, വില്ലുപുരം, കാഞ്ചീപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തമിഴ്നാടിന് പുറമേ ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.