പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് ഇനി രണ്ട് നാള്‍ കൂടി

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് ഇനി രണ്ട് നാള്‍ കൂടി

കൊച്ചി: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി അടുക്കുന്നു. ഈ വര്‍ഷം നവംബര്‍ 30 വരെ മാത്രമാണ് പദ്ധതിയിലേക്ക് എന്റോള്‍ ചെയ്യാനുള്ള അവസരം.

സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ ഐഡി കാര്‍ഡ് എന്നിവയുള്ള പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക കെയറിലേക്ക് എന്റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്.

നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ്‌ലൈന്‍ സേവനവും ലഭ്യമാണ്. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.

നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തിയതി 2025 നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മുതല്‍ 3:45 വരെ ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി വീഡിയോ കോള്‍ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത് എന്നും അധികൃതര്‍ അറിയിച്ചു.

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി

പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ ഇന്‍ഷുറന്‍സിനുള്ള പ്രായ പരിധി: 18-70 വയസ് വരെയാണ് കുട്ടികള്‍ക്ക് പരമാവധി 25 വയസ് വരെയും ആണ്.

ഏറെകാലമായി പ്രവാസി കേരളീയര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വേണം എന്നത്. നേരത്തെ ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് കേരള സര്‍ക്കാര്‍ നോര്‍ക റൂട്ട്‌സ് മുഖേന അവതരിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി.

കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉളള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളിലാണ് നോര്‍ക്ക കെയര്‍ സേവനം വഴിയുളള ചികിത്സ ലഭ്യമാകുക എന്നതാണ് പ്രത്യേകത. എങ്കിലും സമീപ ഭാവിയില്‍ തന്നെ ഈ പദ്ധതിയില്‍ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വിപുലീകരണം നടത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.