തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പില്‍ നിരവധി തടസങ്ങളുണ്ട്. ഇവ ലഘൂകരിക്കുന്ന നിയമ ഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുവാന്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങള്‍ നേരിട്ടവര്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരത്തിന്റെ കേന്ദ്ര വിഹിതം അനുവദിച്ചു കിട്ടണം.
കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാര്‍ഗരേഖ ഖണ്ഡിക 8.1 പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയര്‍ത്തിയപ്പോഴും കേന്ദ്ര വിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 50,000 ത്തില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ബാക്കി തുക നഗരസഭകളാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്ക് മുന്നില്‍ പിഎംഎവൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബ്രാന്‍ഡിങ് നിബന്ധന ഒഴിവാക്കുന്ന വിഷയത്തില്‍ അനുകൂല തീരുമാനം ലഭിക്കുന്നതിനും ഇടപെടലല്‍ അനിവാര്യമാണ്.
വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ബാധിത മേഖലയുടെ പുനര്‍ നിര്‍മാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവന്‍ മിഷന്റെ രണ്ട് വര്‍ഷത്തെ സംസ്ഥാന വിഹിതത്തിനായി 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണം.
2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കണം. സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ മൂലധന നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയായ എസ്.എ.എസ്.സി.ഐയുടെ ഭാഗമായി സംസ്ഥാനത്തിനു ലഭിക്കേണ്ട 300 കോടി രൂപ ലഭ്യമാക്കണം.
ജിഎസ്ടി നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതിയിലും, ഓട്ടോമൊബൈല്‍, സിമന്റ്, ഇലക്ട്രോണിക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നികുതി വരുമാനത്തിലും ഭാഗ്യക്കുറിയുടെ ജിഎസ്ടി നിരക്കിലും, കേന്ദ്രം നല്‍കേണ്ട ചരക്കു സേവന നികുതി വിഹിതത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്.
ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന വര്‍ധനവിനെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.