അബുജ : ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായിരുന്ന നൈജീരിയ ഇന്ന് ലോകത്തിലെ ഏറ്റവും ദുരിത രാഷ്ട്രങ്ങളിൽ ഒന്നായി മാറിയെന്ന് അബുജ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് അയാവു കയ്ഗാമയുടെ വേദനിപ്പിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തെ ദുഷിച്ച ഭരണവും കുത്തനെ ഉയരുന്ന അഴിമതിയും ജനങ്ങളുടെ മനസ് തകർത്തെന്നും ആർച്ച് ബിഷപ്പ് തുറന്നടിച്ചു. “നിയമം ഇന്ന് ദുർബലർക്കുള്ളതാണ്. അധികാരം ഉള്ളവർക്കും സ്വാധീനം ഉള്ളവർക്കും ശിക്ഷ ഇല്ലെന്ന ധാരണ ജനങ്ങളിൽ വളർന്നിരിക്കുകയാണ്” ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
”അഴിമതി അന്വേഷിക്കാൻ രൂപീകരിച്ച ഏജൻസികൾ പോലും അഴിമതിയുടെ പിടിയിൽ ആണ്. ചിബോക്ക് പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോക്കു പോലുള്ള സംഭവങ്ങളിൽ നീതി കിട്ടാത്തത് ജനങ്ങളുടെ മനസിനെ ഇപ്പോഴും വേദനിപ്പിക്കുകയാണ്. ഭീകരതയെ പോലും അപലപിക്കാൻ ജനങ്ങൾക്കു ഭയമാണ്. ഇത് രാജ്യത്തെ ഭയപ്പെടുത്തുന്ന സത്യമാണ്.” ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ഏറ്റവും മതവിശ്വാസികളുള്ള രാജ്യങ്ങളിലൊന്നായ നൈജീരിയയിലെ ജനങ്ങളുടെ ആത്മാർത്ഥതയെക്കുറിച്ചും ആർച്ച് ബിഷപ്പ് സംശയം പ്രകടിപ്പിച്ചു. "ദേവലായങ്ങൾ നിറയ്ക്കുന്നതാണോ നമ്മുടെ മതപരമായ ലക്ഷ്യം? അതോ നീതി പ്രവർത്തിക്കാനും പരസ്പരം സ്നേഹിക്കാനും ദൈവാത്മാവിനെ അനുവദിക്കുകയാണോ?" ദൈവത്തെ വെറുമൊരു 'പൊലീസുകാരനെ' പോലെ ആവശ്യത്തിന് മാത്രം സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
അതേ സമയം നൈജീരിയയിലെ നൈജർ സംസ്ഥാനത്തുള്ള സെന്റ് മേരീസ് കത്തോലിക് സ്കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിൽ 50 പേർ രക്ഷപ്പെട്ടതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 303 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
രക്ഷപ്പെട്ട കുട്ടികൾ കുടുംബാംഗങ്ങളുമായി വീണ്ടും കൂടിച്ചേർന്നതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. എന്നാൽ 253 വിദ്യാർത്ഥികളും 12 അധ്യാപകരും ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ പിടിയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവം രാജ്യത്തെ സുരക്ഷാ സാഹചര്യത്തെ കുറിച്ചുള്ള ആശങ്കകളെ വീണ്ടും ഉയർത്തുന്നു. പ്രദേശത്തെ ആയുധധാരികളുടെ കൂട്ടങ്ങൾ സ്കൂളുകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം വർധിപ്പിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.