മേഘാലയ പിടിക്കാന്‍ 'മിഷന്‍ മേഘാലയ'യുമായി മമത; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

മേഘാലയ പിടിക്കാന്‍ 'മിഷന്‍ മേഘാലയ'യുമായി മമത; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ഷിലോങ്: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനം പിടിക്കുന്നതിനായി 'മിഷന്‍ മേഘാലയ' കാമ്പയിനും മമത തുടക്കം കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേഖ് ബാനര്‍ജിയ്ക്കൊപ്പമാണ് മമത ബാനര്‍ജി മേഘാലയയില്‍ എത്തിയത്.

മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നത് ഉറപ്പാക്കാന്‍ മേഘാലയയിലെ ജനങ്ങളെ സഹായിക്കാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവെ മമത പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മേഘാലയയെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

തൃണമൂല്‍ ബംഗാളി പാര്‍ട്ടിയാണെന്നാണ് അഭ്യൂഹം പരക്കുന്നത്. ടിഎംസി ഒരു ബംഗാളി പാര്‍ട്ടിയാണെങ്കില്‍ പിന്നെ എന്തിനാണ് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ ദേശീയ ഗാനം നിങ്ങള്‍ ആലപിക്കുന്നത്. അത് ഇന്ത്യയ്ക്കാകെ വേണ്ടിയുള്ളതാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കി. നിങ്ങള്‍ അദ്ദേഹത്തെ ബംഗാളി എന്ന് വിളിക്കുന്നുണ്ടോ?. നൊബേല്‍ ജേതാവായ മദര്‍ തെരേസയെ നിങ്ങള്‍ ബംഗാളി എന്ന് വിളിക്കുന്നുണ്ടോ?' മമത ബാനര്‍ജി ചോദിച്ചു.

''എന്തിനാണ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. മേഘാലയയുടെ ഭൂമി ബിജെപി തട്ടിയെടുത്തു. ജനങ്ങള്‍ക്കിവിടെ സുരക്ഷയും സുരക്ഷിതത്വവുമില്ല. മേഘാലയ പിടിച്ചെടുക്കലല്ല ഞങ്ങളുടെ ഉദ്ദേശം. ഇവിടെ മണ്ണിന്റെ മക്കളെ കാണുക എന്നതാണ്. നിങ്ങളെ സഹായിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്,'' ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരും കൂറുമാറിയതോടെ 60 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയിലെ മുഖ്യ പ്രതിപക്ഷമായി. ത്രിപുരയ്ക്കും അസമിനും പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് കടന്നുകയറാന്‍ ശ്രമിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. 2012ല്‍ മണിപ്പൂരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.