യു.എന്‍ രക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യ

 യു.എന്‍ രക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യ

യു.എന്‍: യു.എന്‍ രക്ഷാസമിതിയില്‍ 2028-29 കാലയളവിലെ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള സ്ഥാനാര്‍ത്ഥിത്വം ഇന്ത്യ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യമറിയിച്ചത്. 2021 ഓഗസ്റ്റിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമെന്ന നിലയില്‍ രണ്ട് വര്‍ഷത്തെ ഭരണ കാലത്ത് ഇന്ത്യ കൗണ്‍സിലിന്റെ അധ്യക്ഷനാകുന്നത് രണ്ടാം തവണയാണ്.

' അടുത്ത കാലയളവിലേക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വം ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരികെ വരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇത് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'- യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്റ്റേക്ക്ഔട്ടില്‍ തീവ്രവാദ വിരുദ്ധ സിഗ്നേച്ചര്‍ ഇവന്റില്‍ അധ്യക്ഷനായ ശേഷം മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ജയശങ്കര്‍ പറഞ്ഞു.

ഡിസംബറിലാണ് ഇന്ത്യയുടെ നിലവിലെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം അവസാനിക്കുന്നത്. എട്ടാം തവണയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് എത്തുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

സുരക്ഷാ കൗണ്‍സിലില്‍ അടിയന്തര പരിഷ്‌കരണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. കൗണ്‍സില്‍ അതിന്റെ നിലവിലെ രൂപത്തില്‍ ഇന്നത്തെ ഭൗമ-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയെപ്പോലുള്ള വികസ്വര ശക്തികള്‍ക്ക് യു.എന്നില്‍ സ്ഥിരമായ ഇരിപ്പിടം ഇല്ലെങ്കില്‍ അതിന്റെ വിശ്വാസ്യത അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.